വെങ്കിടങ്ങ്
ഫിഷറീസ് വകുപ്പ് വെങ്കിടങ്ങ് ഉൾനാടൻ മേഖലയിൽ 6 ലക്ഷം രൂപ ചെലവഴിച്ച് മത്സ്യ ആവാസ കേന്ദ്രങ്ങൾ തുടങ്ങും . കഴിഞ്ഞ ജൂണിലാണ് പദ്ധതി അംഗീകരിച്ചത്. തൃശൂർ ജില്ലയിൽ ഏനാമ്മാവ് പള്ളിക്കടവ്, തൊയക്കാവ് കാളിയാമാക്കൽ എന്നിവിടങ്ങളിൽ രണ്ട് സ്ഥലത്താണ് മത്സ്യ ആവാസ കേന്ദ്രങ്ങൾ ആരംഭിക്കുക. നിലവിൽ കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ. ജില്ലകളിലാണ് മത്സ്യ ആവാസ കേന്ദ്രങ്ങൾ ഉള്ളത്. ഏനാമ്മാവ് കായൽ, കനോലി കനാൽ എന്നിവിടങ്ങളിൽ ഇതോടെ മത്സ്യ സമ്പത്ത് ഗണ്യമായി വർധിക്കും.
പുഴയോരത്ത് നിർമിക്കുന്ന ആവാസ കേന്ദ്രത്തിൽ മത്സ്യങ്ങൾക്ക് പ്രജനനം നടത്താനും കുഞ്ഞുങ്ങൾക്ക് യഥേഷ്ടം വളരാനും കഴിയും. കൂടാതെ മൂന്ന് ലക്ഷം കരിമീൻ കുഞ്ഞുങ്ങളെ ആവാസ കേന്ദ്രത്തിൽ നിക്ഷേപിക്കും. എക്കലും, ചെളിയും നിറഞ്ഞ് ആഴം കുറഞ്ഞതിനാൽ മത്സ്യ സമ്പത്ത് ഗണ്യമായി കുറഞ്ഞു വരുന്നതിനിടയിലാണ് സംസ്ഥാനസർക്കാരിന്റെ ഈ പദ്ധതി. പട്രോളിങ് ബോട്ടും ഇതിന്റെ ഭാഗമായി ഉണ്ടാകും. കണ്ടശാങ്കടവ് മേഖലകളിലെ നിയമ വിരുദ്ധ മത്സ്യ ബന്ധനം ഇതോടെ അവസാനിക്കും.
കരുവന്നൂർ മുതൽ ചേറ്റുവ വരെ ബോട്ടിൽ രാത്രിയിലും പകലും നിരീക്ഷണം നടത്തും. നൂറു കണക്കിന് മത്സ്യ ത്തൊഴിലാളികൾക്ക് ഇതിന്റെ ഗുണം ലഭിക്കും. തൊയക്കാവ് സഫ്ദർ ഹാഷ്മി ഗ്രാമീണ വേദി പരിസരത്ത് നടത്തിയ പദ്ധതി ബോധവൽക്കരണ
യോഗത്തിൽ ഫിഷറീസ് ഇൻസ്പെക്ടർ യു ഷാൻ പദ്ധതി വിശദീകരിച്ചു.യു എ ആനന്ദൻ അധ്യക്ഷനായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..