ഗുരുവായൂർ
ഗുരുവായൂർ ഏകാദശി 13–-ാം ദിവസം കനറാ ബാങ്ക് ജീവനക്കാരുടെ വകയായുള്ള വിളക്കാഘോഷം നടന്നു. സമ്പൂർണ നെയ്യ് വിളക്കായാണ് ആഘോഷിച്ചത്. രാവിലെ മൂന്നാനകളോടേയുള്ള വിശേഷാൽ കാഴ്ച ശീവേലിയ്ക്ക് പെരുവനം സതീശൻ മാരാർ നയിച്ച പഞ്ചാരിമേളവും പകൽ 3.30ന് വിശേഷാൽ കാഴ്ചശീവേലിയ്ക്ക് ചോറ്റാനിക്കര സുഭാഷ് നാരായണ മാരാരും, ഏലൂർ അരുൺദേവ് മാരാരും നയിച്ച പഞ്ചവാദ്യവും അകമ്പടിയായി.
ഗുരുവായൂർ മുരളിനേതൃത്വം നൽകിയ നാദസ്വരകച്ചേരി, സന്ധ്യയ്ക്ക് കല്ലൂർ ഉണ്ണിക്കൃഷ്ണനും, മണ്ണാർക്കാട് ഹരിദാസും നയിച്ച തായമ്പകയും അരങ്ങേറി. രാത്രി 9ന് വിശേഷാൽ ഇടയ്ക്കാ നാദസ്വരത്തോടെയുള്ള വിളക്കെഴുന്നെള്ളിപ്പിന്റെ നാലാം പ്രദക്ഷിണത്തിൽ, ചുറ്റമ്പലത്തിലെ പതിനായിരത്തോളം വിളക്കുകൾ തെളിഞ്ഞു. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ 7ന് ഗുരുവായൂർ ജ്യോതീദാസിന്റെ സോപാന സംഗീതത്തോടെ കലാപരിപാടികൾക്ക് തുടക്കമായി. രാവിലെ 8 മുതൽ വൈകിട്ട് 5.30 വരെ ബാങ്ക് ജീവനക്കാരും, കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും, തുടർന്ന് വൈകീട്ട് 6.30 മുതൽ രാത്രി 8 വരെ കുമാരി ഗംഗയുടെ വയലിൻ കച്ചേരിയും നടന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..