27 December Friday

ഉസ്താദ് ബിസ്മില്ലാ ഖാൻ ദേശീയ യുവപുരസ്കാരം കലാമണ്ഡലം വിപിൻ ശങ്കർ ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Nov 24, 2024

ഉസ്താദ് ബിസ്മില്ലാ ഖാൻ ദേശീയ യുവ പുരസ്കാരം കലാമണ്ഡലം വിപിൻ ശങ്കർ ഏറ്റുവാങ്ങുന്നു

വരവൂർ 
 കേന്ദ്ര സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയിട്ടുള്ള 2023ലെ ഉസ്താദ് ബിസ്മില്ലാ ഖാൻ ദേശീയ യുവ പുരസ്കാരം വരവൂർ സ്വദേശി കഥകളി നടൻ കലാമണ്ഡലം വിപിൻ ശങ്കർ ഏറ്റുവാങ്ങി. ശിലാഫലകം, അംഗ വസ്ത്രം, 25,000 രൂപ എന്നിവ അടങ്ങുന്നതാണ് പുരസ്കാരം. ഡൽഹിയിലെ അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടന്ന ചടങ്ങിൽ കേന്ദ്ര സാംസ്കാരിക വകുപ്പ് സെക്രട്ടറി അരുണിഷ് ചൗള പുരസ്കാരം സമ്മാനിച്ചു. ചെയർപേഴ്സൺ ഡോ. സന്ധ്യ പുരേച അംഗവസ്ത്രമണിയിച്ചു. 
എട്ടാം ക്ലാസ് മുതൽ കലാമണ്ഡലത്തിൽ കഥകളി വിദ്യാഭ്യാസം ആരംഭിച്ച വിപിൻ ശങ്കർ കഥകളിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും, എം ഫില്ലും നേടി. നിലവിൽ എറണാകുളം തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ കഥകളി ഗസ്റ്റ് അധ്യാപകനും, കലാമണ്ഡലത്തിൽ ഗവേഷക വിദ്യാർഥിയുമാണ്. കലാമണ്ഡലം ഗോപിയാശാന്റെ പ്രമുഖ ശിഷ്യരിൽ ഒരാൾ കൂടിയാണ് വിപിൻ.
സംഗീതം, നൃത്തം, നാടകം, നാടൻ കലാരൂപങ്ങൾ തുടങ്ങി മേഖലകളിൽ ഉന്നത നിലവാരം പുലർത്തുകയും അതേസമയം ആ മേഖലയിൽ മികവുറ്റ സംഭാവനകൾ നൽകുകയും ചെയ്യുന്ന  രാജ്യത്തെ യുവ കലാകാരന്മാർക്ക് 1952 മുതൽ കേന്ദ്ര സംഗീത നാടക അക്കാദമി  ഈ പുരസ്കാരം നൽകുന്നത്‌. ഉസ്താദ് ബിസ്മില്ലാഖാന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്മരണയ്ക്കായി “ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ പുരസ്കാരം”എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. വരവൂർ കുമരപ്പനാൽ വാലിപ്പറമ്പിൽ പരേതനായ ശിവശങ്കരന്റെയും ആശാ വർക്കറായ വിമലയുടെയും മകനാണ്. ഭാര്യ: അഞ്ജുഷ, മകൾ: മൈഥിലി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top