24 November Sunday
ലിറ്റില്‍ കൈറ്റ്സ് ക്യാമ്പുകള്‍ക്ക്‌ തുടക്കം

ഭിന്നശേഷി കുട്ടികൾക്ക്‌ കൈത്താങ്ങായി എഐ

സ്വന്തം ലേഖകൻUpdated: Sunday Nov 24, 2024

ഇരിങ്ങാലക്കുടയിൽ നടക്കുന്ന ലിറ്റിൽ കൈറ്റ്‌സ്‌ ക്യാമ്പ്‌

തൃശൂർ
 സംസാരിക്കാനും  കേൾക്കാനും പ്രയാസം നേരിടുന്ന കുട്ടികൾക്ക് ആംഗ്യ ഭാഷയിൽ സംവദിക്കാൻ കഴിവുള്ള പ്രോഗ്രാമുകൾ എഐ ഉപയോഗിച്ച് തയ്യാറാക്കുകയാണ്‌ കുട്ടികൾ.  പൊതുവിദ്യാലയങ്ങളിൽ കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ്‌ ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന ‘ലിറ്റിൽ കൈറ്റ്സ്’  ദ്വിദിന ഉപജില്ലാ ക്യാമ്പുകൾ തുടങ്ങി.   ഭിന്നശേഷി കുട്ടികൾക്ക് കൈത്താങ്ങായി മാറുന്ന എഐ പ്രോഗ്രാം തയ്യാറാക്കലാണ് ഈ വർഷം ക്യാമ്പുകളുടെ പ്രത്യേകത. പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണത്തിനുള്ള അനിമേഷൻ പ്രോഗ്രാമുകളും പരിശീലിക്കും.   സ്വതന്ത്ര സോഫ്റ്റ്‍വെയറുകളായ ഓപ്പൺടൂൺസ്, ബ്ലെൻഡർ തുടങ്ങിയവ ഉപയോഗിച്ചാണ്‌   കുട്ടികൾ  പ്രോഗ്രാമുകൾ തയ്യാറാക്കുന്നത്‌.  യൂണിസെഫ് സഹായത്തോടെയാണ്‌ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്‌.  
ആംഗ്യ ഭാഷ പഠിക്കാൻ മാത്രമല്ല, ഇത്തരം കുട്ടികളോട് സംവദിക്കാൻ പ്രേരിപ്പിക്കുകയും പ്രാപ്തമാക്കുകയും ചെയ്യുന്ന വിധത്തിലാണ് മൊഡ്യൂൾ. ഇതിനായുള്ള വീഡിയോ ക്ലാസുകളും ക്യാമ്പിൽ പരിചയപ്പെടുത്തി.   ആംഗ്യഭാഷ പഠിക്കേണ്ടതിന്റെ  പ്രാധാന്യം അടിവരയിടുന്നതിനൊപ്പം ബധിരരും മൂകരുമായ സമൂഹത്തോട് പങ്കാളികൾക്കിടയിൽ സഹാനുഭൂതി പ്രചോദിപ്പിക്കുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. സമൂഹത്തിന്റെ  ക്ഷേമത്തിനായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണമെന്ന വിശ്വാസം യുവമനസ്സുകളിൽ വളർത്താനും ഈ അനുഭവം സഹായിക്കുന്നു.
നഗരവൽക്കരണത്തിലൂടെ നശിപ്പിക്കപ്പെട്ട പ്രദേശം, രണ്ടു പക്ഷികളുടെ പ്രയത്നത്തിലൂടെ വീണ്ടും ഹരിതാഭമാക്കുന്ന ആശയത്തിലാണ്   അനിമേഷൻ ചിത്രങ്ങൾ ക്യാമ്പിൽ തയ്യാറാക്കുന്നത്‌. അനിമേഷൻ, പ്രോഗ്രാമിങ്‌ വിഭാഗത്തിലായി പങ്കെടുക്കുന്ന പ്രോജക്ട് പ്രവർത്തനങ്ങൾ ആരംഭിച്ചു.
ജില്ലയിൽ 191 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലായി 17075 അംഗങ്ങളുള്ളതിൽ സ്കൂൾതല ക്യാമ്പുകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട 1212 കുട്ടികൾ ഉപജില്ലാക്യാമ്പുകളിൽ പങ്കെടുക്കും. ഉപജില്ലാ ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്ന 86 കുട്ടികളെ  ‍ഡിസംബറിൽ നടക്കുന്ന ജില്ലാക്യാമ്പിലേക്ക് തെരഞ്ഞെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top