25 December Wednesday

ചെഞ്ചേലക്കര

കെ എ നിധിൻനാഥ്‌Updated: Sunday Nov 24, 2024
ചേലക്കര
ചേലക്കരയുടെ ഇടതുപക്ഷ മനസ്സ്‌ ഊട്ടിയുറപ്പിച്ച്‌ യു ആർ പ്രദീപിന്റെ ഉജ്വല വിജയം. അവഗണനയുടെ കടത്ത്‌ വഞ്ചിക്കാലം കടന്ന്‌ വികസിത ചേലക്കരയെ സൃഷ്ടിച്ച എൽഡിഎഫ്‌ മാത്രമാണ്‌ തങ്ങളുടെ ‘ചോയ്‌സ്‌’ എന്ന്‌  ജനങ്ങൾ വീണ്ടും  പ്രഖ്യാപിച്ചു. 1996ൽ കെ രാധാകൃഷ്ണനിലൂടെ ഇടതോരം ചേർന്ന മണ്ഡലം 28 കൊല്ലമായി സൂക്ഷിക്കുന്ന ഇടതുപക്ഷ മനസ്സ്‌ അചഞ്ചലമായി തുടരും. കെ രാധാകൃഷ്ണന്റെ പിൻഗാമി യു ആർ പ്രദീപ്‌ ചേലക്കര ജനതയുടെ പ്രതിനിധിയായി നിയമസഭയിലേക്ക്‌.
തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിലുടനീളം പുലർത്തിയ മേൽക്കൈ ഫലത്തിലും പ്രതിഫലിച്ചു.  ആദ്യ മണിക്കൂറിൽത്തന്നെ വിജയം ഉറപ്പായതോടെ പ്രവർത്തകർ ചെറുതുരുത്തി ഹയർ സെക്കൻഡറി സ്‌കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിന്‌ മുന്നിൽ ആഘോഷം തുടങ്ങി.  രാവിലെ പത്തോടെ ‘ചെങ്കൊട്ടയാണ്‌ ഈ ചേലക്കര’ എന്ന്‌ കെ രാധാകൃഷ്‌ണൻ എംപി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. ഇതോടെ മണ്ഡലത്തിലാകെ വിജയാഘോഷം തുടങ്ങി. 
 ഏത്‌ പഞ്ചായത്താണ്‌ യു ആർ പ്രദീപിന്‌ കൂടുതൽ ലീഡ്‌ നൽകുക എന്ന മത്സരമാണ്‌ നടക്കുന്നത്‌ എന്നായിരുന്നു പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവില്വാമലയിൽ പറഞ്ഞത്‌. ഇത്‌ ശരിവച്ച്‌ എല്ലാ പഞ്ചായത്തിലും ഇടത്‌ തേരോട്ടം. ഔദ്യോഗിക ഫല പ്രഖ്യാപനം കാത്ത്‌ വോട്ടെണ്ണൽ കേന്ദ്രത്തിന്‌ മുന്നിൽ കൊട്ടിയും പാടിയും പ്രവർത്തകർ ആനന്ദ നൃത്തമാടി. ചെറു പ്രകടനമായി നേതാക്കൾക്കും പ്രവർത്തകർക്കും ഒപ്പം  ഉച്ചയോടെ യു ആർ പ്രദീപെത്തി. നിലയ്‌ക്കാത്ത മുദ്രാവാക്യങ്ങൾകൊണ്ട്‌ പ്രദീപിനെ  ചേലക്കര ജനത നെഞ്ചിലേറ്റി. 
ഔദ്യോഗിക പ്രഖ്യാപനത്തിനു പിന്നാലെ പകൽ രണ്ടോടെ യു ആർ പ്രദീപും കെ രാധാകൃഷ്ണനും ചേർന്ന്‌ തുറന്ന വാഹനത്തിൽ റോഡ്‌ ഷോ ആരംഭിച്ചു. ചെറുതുരുത്തിയിൽനിന്ന്‌ തുടങ്ങിയ റോഡ്‌ ഷോ ചേലക്കര മണ്ഡലത്തെ ഇളക്കിമറിച്ച്‌ മുന്നേറി. റോഡിൽ ഇരുവശത്തും ആളുകൾ കാത്തുനിന്ന്‌ അഭിവാദ്യം അർപ്പിച്ചു. മണ്ഡലത്തിലെ ഒമ്പത്‌ പഞ്ചായത്തിലും പര്യടനം നടത്തിയശേഷം രാത്രിയിൽ കൊണ്ടാഴി പഞ്ചായത്തിലെ ചിറങ്കരയിൽ സമാപിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top