തൃശൂർ
മുദ്രപത്ര വിതരണത്തിൽ ഈ സ്‌റ്റാമ്പ് നിലവിൽ വന്നതോടെ ഓരോ പ്രിന്റിനും ആവശ്യമായ ചാർജ് സ്‌റ്റാമ്പിന്റെ വിലയ്‌ക്ക് പുറമേ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സ്റ്റാമ്പ് വെണ്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ ജെ ദേവസ്യയും ജനറൽ സെക്രട്ടറി എൻ കെ അബ്ദുൽ നാസറും ആവശ്യപ്പെട്ടു.
ധനകാര്യ മന്ത്രിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇത് പരിഗണിക്കുമെന്ന് പറഞ്ഞിട്ടുള്ളതാണ്. ഉത്തരവ് വരുന്നതിനുമുമ്പ് ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ പ്രിന്റിങ് ചാർജ് വാങ്ങുന്നുവെന്ന പരാതിയുണ്ട്.
ഇത് ഒരിക്കലും പാടില്ലെന്ന് അസോസിയേഷൻ നിർദേശിച്ചിട്ടുണ്ട്. ആരെങ്കിലും വാങ്ങിയാൽ അവർക്ക് നേരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യമായ നടപടിയെടുക്കണം. 2025 മാർച്ച് വരെ ട്രഷറിയിലും വെണ്ടർമാരുടെ പക്കലും സ്റ്റോക്കുള്ള ഫിസിക്കൽ സ്റ്റാമ്പും ഇതോടൊപ്പം ഉപയോഗിക്കാം. ഇ- സ്റ്റാമ്പിന്റെ ജിആർ നമ്പറും സീരിയൽ നമ്പറും രണ്ട് കക്ഷികളുടെ പൂർണമായ പേരും മേൽവിലാസവും ഫോൺ നമ്പറും ഉൾപ്പെടെയുള്ള രജിസ്റ്റർ സൂക്ഷിക്കണമെന്ന് നിർദേശവും ജനങ്ങളെയും സ്റ്റാമ്പ് വെണ്ടർമാരെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. 50 രൂപയുടെ പത്രം വിൽപ്പന നടത്തുമ്പോൾ വെണ്ടർമാർക്ക് രണ്ട് രൂപയാണ് പ്രതിഫലം കിട്ടുക.
ഇതിന് ആവശ്യമായ 100 ജിസിഎം വെള്ള പത്രം, മഷി, വൈദ്യുതി എന്നിവയ്‌ക്കായി ഒമ്പത് രൂപയോളം ചെലവ് വരും. ഇപ്പോൾ വെണ്ടർമാർ ഏഴുരൂപ നഷ്ടം സഹിച്ചാണ് ചെയ്യുന്നത്. സർക്കാരിന്റെ നിർദേശം പാലിച്ച് മുദ്രപത്ര ക്ഷാമം ഉടനെ പരിഹരിക്കാൻ വേണ്ടിയാണ് വെണ്ടർമാർ സഹകരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..