ഗുരുവായൂർ
ഗുരുവായൂര്‍ ദേവസ്വത്തിന്റെ നേതൃത്വത്തില്‍ ഗുരുവായൂരില്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി വരുന്നു. ജനങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യം ഇതോടെ നിറവേറും. വന്‍കിട വ്യവസായികളുടെ സഹായത്തോടെയോ, ദേവസ്വം നേരിട്ടോ ആവും ആശുപത്രി നിര്‍മിക്കുക. നിലവിലുള്ള ദേവസ്വം മെഡിക്കൽ സെന്ററിന് സമീപത്തെ രണ്ടരയേക്കറിൽ ഒരു ലക്ഷം ചതുരശ്രയടിയിൽ നാലുനില കെട്ടിടമാണ് നിർമിക്കുക. കാഞ്ഞങ്ങാട്ടുള്ള ദാമോദരൻ ആർക്കിടെക്ട് എന്ന സ്ഥാപനമാണ് കെട്ടിടത്തിന്റെ രൂപരേഖ തയ്യാറാക്കിയത്.
നഗരസഭയിൽ സമർപ്പിച്ചിട്ടുണ്ട്. നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലത്ത് അരനൂറ്റാണ്ട് മുമ്പുവരെ കുളമുണ്ടായിരുന്നത് ചൂണ്ടിക്കാട്ടി സംസ്ഥാന ടൗൺ പ്ലാനർ കത്ത് നൽകിയിരുന്നു. ഇതിലുണ്ടായിരുന്ന കുളം നാല് പതിറ്റാണ്ട് മുമ്പു തന്നെ നികത്തപ്പെട്ടതായിരുന്നുവെന്നും ആശുപത്രി പോലെ ജനപോകരപ്രദമായ നിര്‍മാണങ്ങള്‍ക്ക് സാങ്കേതിക തടസ്സങ്ങളുണ്ടാകരുതെന്ന് കാണിച്ച് ജില്ലാഭരണകൂടത്തിന്റെ ഇടപെടൽ കൂടി വന്നതോടെ നിർമാണാനുമതി ലഭിച്ചു.
ദേവസ്വം കമീഷണർ ആശുപത്രി നിർമിക്കാനുള്ള സാമ്പത്തീകാനുമതി നേരത്തെ നൽകിയിരുന്നു. 2022 സെപ്റ്റംബറിൽ ഗുരുവായൂരിൽ ദർശനത്തിന് എത്തിയ മുകേഷ് അംബാനി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്കായി സഹായം നൽകാമെന്ന് വാഗ്ദാനം ചെയ്തു. തുടർന്ന് ആശുപത്രിയുടെ രൂപരേഖ അംബാനിക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തിരുമാനമായിട്ടില്ലെന്നാണ് അംബാനിയുമായി ബന്ധപ്പെട്ടപ്പോൾ ദേവസ്വത്തിന് ലഭിച്ച മറുപടി.
ആശുപത്രിക്കെട്ടിട നിർമാണത്തിനായി അംബാനിയുടെ തന്നേയൊ അല്ലെങ്കിൽ മറ്റാരുടെയെങ്കിലും സഹായം കൂടി ലഭ്യമാക്കാനായി ദേവസ്വം ശ്രമിച്ചവരികയാണെന്ന് ചെയർമാൻ ഡോ. വി കെ വിജയൻ പറഞ്ഞു. ജില്ലയിലെ ഏറ്റവും മികച്ച മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്താൻ കഴിയുന്ന തരത്തിൽ പ്രവർത്തിക്കാനാണ് ദേവസ്വം ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ 30ന് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ കെട്ടിട നിർമാണത്തിന് തറക്കല്ലിടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..