08 September Sunday

ഇത് കെ ലിഫ്‌റ്റ്‌ വിജയം

സ്വന്തം ലേഖികUpdated: Thursday Jul 25, 2024
തൃശൂർ
കുടുംബശ്രീ അംഗങ്ങൾക്ക്‌ ഉപജീവന മാർഗമൊരുക്കാൻ ആവിഷ്‌കരിച്ച കെ-ലിഫ്റ്റ് –- 24 പദ്ധതി ജില്ലയിൽ വിജയപാതയിൽ. പദ്ധതിയുടെ ആദ്യപടിയായി  1752  ഉപജീവന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. ഒരു വർഷത്തിനുള്ളിൽ ജില്ലയിൽ  26062 സംരംഭങ്ങൾക്ക്‌ തുടക്കമിടുകമയാണ്‌ ലക്ഷ്യം. ആരംഭിച്ചവയിൽ 374 എണ്ണം ചെറുകിട സംരംഭങ്ങളാണ്‌. 
കുടുംബശ്രീയെ പുതിയ ദിശയിലേക്ക് നയിക്കുന്നതിനും കേരളത്തിന്റെ സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കുന്നതിനുമാണ്‌ കുടുംബശ്രീ ലൈവ്‌ലിഹുഡ്  ഇനിഷ്യേറ്റീവ് ഫോർ ട്രാൻസ്‌ഫോർമേഷൻ (കെ-ലിഫ്റ്റ്) പദ്ധതി വിഭാവനം ചെയ്‌തത്‌. പദ്ധതിയിലൂടെ അംഗങ്ങൾക്ക്‌ മികച്ച വരുമാനം ഉറപ്പാക്കുകയാണ്‌ കുടുംബശ്രീ ലക്ഷ്യമിടുന്നത്‌. 2024–- 25 സാമ്പത്തിക വർഷത്തിൽ കുടുംബശ്രീയുടെ തൊഴിൽ സംരംഭങ്ങൾ മുഴുവനായും ജില്ലയിൽ വ്യാപിപ്പിക്കും. കുടുംബശ്രീ അംഗങ്ങൾ, ഓക്‌സിലറി അംഗങ്ങൾ, പാലിയേറ്റീവ്‌ ഗുണഭോക്താക്കൾ, ഭിന്നശേഷിക്കാർ തുടങ്ങിയവരെ ഉൾക്കൊള്ളിച്ചുകൊണ്ടാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. 
കുടുംബശ്രീയുടെ കീഴിലെ ഫാംലൈവ്‌ലിഹുഡ് , നോൺ ഫാം ലൈവ്‌ലിഹുഡ്, നൈപുണ്യ വികസന പരിപാടികൾ, ട്രൈബൽ എന്നിങ്ങനെയുള്ള മേഖലകൾ സംയോജിപ്പിച്ച് സംസ്ഥാനത്താകെ മൂന്ന്‌ ലക്ഷം ഗുണഭോക്താക്കൾക്ക് ഉപജീവന മാർഗം കണ്ടെത്തുകയാണ്‌ ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വ്യവസായ വകുപ്പ്,  കൃഷി വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ക്ഷീര വകുപ്പ്, സർക്കാർ/സർക്കാരിതര ഏജൻസികൾ പാലിയേറ്റീവ് ഉൾപ്പെടെയുള്ള വകുപ്പുകളുടെ സഹകരണത്തോടെയാണ്‌ നടപ്പിലാക്കുന്നത്‌.  
ഒരു അയൽക്കൂട്ടത്തിൽ നിന്ന് ചുരുങ്ങിയത് ഒരു സംരംഭം അല്ലെങ്കിൽ തൊഴിൽ സൃഷ്‌ടിക്കും. കുടുംബശ്രീയിൽ നിന്നും മറ്റ്‌ വകുപ്പുകളിൽ നിന്നുമുള്ള ധനസഹായത്തോടെയാണ്‌ പ്രവർത്തനം. അയൽക്കൂട്ട അംഗങ്ങൾ ആരംഭിക്കുന്ന സംരംഭം, വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി, മൃഗസംരക്ഷണം, വിപണനം, തൊഴിൽ തുടങ്ങി വിവിധ മേഖലകളിലുള്ള ഉപജീവന മാർഗങ്ങളാണ്‌ ആവിഷ്‌കരിക്കുന്നത്‌. ഭിന്നശേഷിക്കാരുടെ നൈപുണ്യ വികസനം, വയോജന സംരംഭം, അതിദരിദ്രർക്കായുള്ള പ്രത്യേക ഉപജീവന പ്രവർത്തനങ്ങൾ, ബഡ്‌സ്‌ സ്‌കൂളുകളിലെ ഉപജീവന പ്രവർത്തനങ്ങൾ, പട്ടികജാതി, പട്ടികവർഗ പ്രത്യേക പദ്ധതികൾ, നഗര ദാരിദ്ര്യ നിർമാർജനം ലക്ഷ്യമാക്കിയുള്ള പദ്ധതികൾ എന്നിവയും ഇതിൽപ്പെടും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top