തൃശൂർ
കേന്ദ്ര മന്ത്രിയുണ്ടായിട്ടും ജില്ലയ്‌ക്ക് കാലണയുടെ പദ്ധതിപോലും തരാത്ത കേന്ദ്ര ബജറ്റിൽ നാണം കെട്ട് ബിജെപി. തൃശൂരിൽ നിന്ന് ബിജെപിക്ക് എംപിയുണ്ടായിട്ടും കേന്ദ്രമന്ത്രിയായിട്ടും ജില്ലയ്‌ക്ക് എന്തു പ്രയോജനമെന്നാണ് വോട്ട് നൽകിയവര്‍ ചോദിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പും സുരേഷ് ഗോപി കേന്ദ്രമന്ത്രിയായതിന് ശേഷവും പ്രഖ്യാപിച്ച വാഗ്‌ദാനങ്ങൾ തള്ളലുകൾ മാത്രമായിരുന്നുവോയെന്ന് നാട്ടുകാർ ചോദിക്കുമ്പോൾ ബിജെപി നേതാക്കൾക്ക് മറുപടിയില്ല.
ജനങ്ങളെ നേരിടാനാകാതെ രോഷാകുലരായ സ്വന്തം അണികൾക്ക് മുന്നിലും ബിജെപി നേതാക്കൾ വിയർക്കുന്നു. എല്ലാ കുറ്റവും സുരേഷ് ഗോപിയുടെ തലയിൽവെച്ച് കൈകഴുകുകയാണ് നേതാക്കൾ. പ്രധാനമന്ത്രിയുടെ സ്വന്തം ആളാണെന്ന് മേനി നടിക്കുന്ന സുരേഷ് ഗോപിയുടെ വീര വാദങ്ങൾ പൊള്ളയാണെന്നും ഡൽഹിയിൽ അദ്ദേഹം വലിയ പുള്ളിയൊന്നുമല്ലെന്നും തൃശൂർ വേഗം തിരിച്ചറിഞ്ഞുവെന്നാണ് യാഥാർഥ്യം.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് തവണ തൃശൂരിലെത്തി. വലിയ വാഗ്‌ദാനങ്ങൾ നൽകി. സുരേഷ് ഗോപി എംപിയായാൽ കേന്ദ്ര മന്ത്രിയാക്കുമെന്നും വൻ വികസന പദ്ധതികൾ വരുമെന്നും ബിജെപി പ്രചാരണം നടത്തി. ജയിച്ച് മന്ത്രിയായ ശേഷം വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് വലിയ പ്രഖ്യാപനങ്ങളാണ് മാധ്യമ പ്രവർത്തകരുടെയും പൊതുസമൂഹത്തിന്റെയും മുന്നിൽ നടത്തിയത്.
വേളാങ്കണി ലൂർദ് പള്ളി തീർഥാടന ടൂറിസം സർക്യൂട്ട്, എയിംസ്, ദേശീയപാത പദ്ധതികൾ, കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടൽ തുടങ്ങിയ നിരവധി പ്രഖ്യാപനങ്ങൾ ബജറ്റ് വന്നപ്പോൾ ജലരേഖകൾ മാത്രം. ദേശീയപാത നിർമാണത്തിന് ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ നൽകിയ 6000 കോടിയോളം രൂപ വായ്‌പ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന അഭ്യർഥന പോലും കേന്ദ്രം ചെവികൊണ്ടില്ല.
ബിജെപിക്ക് കേരളത്തിൽ നിന്ന് രണ്ട് കേന്ദ്ര മന്ത്രിമാരുണ്ടായിട്ടും എന്ത് കാര്യമെന്നാണ് ജനം ചോദിക്കുന്നത്. ബജറ്റിൽ പോലും സ്വാധീനം ചെലുത്താൻ സാധിക്കാത്ത സുരേഷ് ഗോപിക്ക് കേന്ദ്ര മന്ത്രിപദം, ബിജെപി ചാർത്തിയ വെറും നെറ്റിപ്പട്ടണമാണെന്നും പറ്റിക്കൽ പരിപാടിയുമാണെന്നും വ്യക്തം. വോട്ട് വാങ്ങി ജയിച്ച ശേഷം ബിജെപിയും കേന്ദ്ര സർക്കാരും തൃശൂരിലെ ജനങ്ങളെ വഞ്ചിച്ചതിൽ വലിയ രോഷമാണ് അലയടിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..