തൃശൂർ
ഈ വർഷം പുലികളി ചമയ പ്രദർശനം ഒഴിവാക്കാൻ തീരുമാനിച്ചു. കോർപറേഷൻ വിളിച്ചു ചേർത്ത പുലികളി സംഘങ്ങളുടെ യോഗത്തിലാണ് തീരുമാനം. ബാനർജി ക്ലബ്ബിൽ കോർപറേഷൻ നേതൃത്വത്തിൽ നടത്തിവരാറുള്ള പുലികളി ചമയ പ്രദർശനമാണ് വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആർഭാടവും ചെലവും ചുരുക്കുന്നതിന്റെ ഭാഗമായി ഒഴിവാക്കിയത്. അതാതു ദേശങ്ങളിൽ ചമയ പ്രദർശനം സാധാരണ പോലെ നടക്കും.
ആർഭാടം കുറച്ചായിരിക്കും ഇത്തവണ പുലി കളി നടത്തുക. നിശ്‌ചല ദൃശ്യങ്ങളുടെ എണ്ണം രണ്ടിൽ നിന്ന് ഒന്നാക്കി ചുരുക്കി. മാലിന്യമുക്ത കേരളം സന്ദേശം പ്രമേയമാക്കിയുള്ള ഹരിത വണ്ടി നിശ്‌ചല ദൃശ്യം ഒഴിവാക്കും. പുലികളിക്ക് ഒരു ലോറിയും നിശ്‌ചല ദൃശ്യത്തിന് ഒരു ലോറിയുമാണ് ഇത്തവണ ഉണ്ടാവുക. സെപ്‌തംബർ 18ന് നടക്കുന്ന പുലികളിയിൽ നിലവിൽ ഏഴ് ടീമുകളാണ് പങ്കെടുക്കുക. വിയ്യൂർ യുവജന സംഘം, വിയ്യൂർ ദേശം, സീതാറാം മിൽ ലെയ്‌ൻ, കാനാട്ടുകര, ശങ്കരംകുളങ്ങര, ചക്കാമുക്ക്, പാട്ടുരായ്‌ക്കൽ എന്നിവയാണ് പങ്കെടുക്കുന്ന ടീമുകൾ.
അയ്യന്തോൾ ടീം പങ്കെടുക്കുന്ന കാര്യം ഞായറാഴ്‌ച അറിയിക്കാമെന്ന് യോഗത്തിൽ സംഘാടകർ പറഞ്ഞു. മേയർ എം കെ വർഗീസ് യോഗത്തിൽ അധ്യക്ഷനായി. ഡെപ്യൂട്ടി മേയർ എം എൽ റോസി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..