തൃശൂർ
ഡാറ്റാ എൻട്രി ജോലി വാഗ്ദാനം ചെയ്ത് സൈബർ തട്ടിപ്പു ജോലികൾക്കായി മനുഷ്യക്കടത്ത് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. പെരിങ്ങോട്ടുകര വടക്കുമുറി സ്വദേശിയായ പുത്തൻകുളം വീട്ടിൽ വിമലി (33)നെയാണ് മണ്ണുത്തി പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയശേഷം വിമലിനെ റിമാൻഡ് ചെയ്തു.
2023 ജൂലൈയിലാണ് സംഭവം. വിദേശത്ത് ഡാറ്റ എൻട്രി ജോലി വാഗ്ദാനം ചെയ്ത് പ്രതി മണ്ണുത്തി സ്വദേശിയിൽ നിന്നും 1,30,000 രൂപ വാങ്ങി കംബോഡിയയിലേക്ക് കൊണ്ടുപോയി.
കംബോഡിയയിൽ എത്തിയശേഷം കെടിവി ഗാലക്‌സി വേൾഡ് എന്ന സ്ഥാപനത്തിലെത്തിച്ച് യുവാവിനെ ഭീഷണിപ്പെടുത്തി വ്യാജ ഐഡികൾ നിർമിച്ച് സൈബർ തട്ടിപ്പ് നടത്തിക്കുകയായിരുന്നു. ഇത് തുടരാൻ വിസമ്മതിച്ചപ്പോൾ പാസ്‌പോർട്ട് തിരികെക്കൊടുക്കാതെ സ്ഥാപനത്തിൽ നിന്നും പുറത്താക്കി.
നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ കംബോഡിയയിൽ കുടുങ്ങിയ യുവാവ് ഇന്ത്യൻ എംബസി വഴിയാണ് നാട്ടിലെത്തിയത്. നാട്ടിൽ തിരിച്ചെത്തിയശേഷം മണ്ണുത്തി പൊലീസിൽ പരാതി നൽകി. ഇൻസ്‌പെക്ടർ എം കെ ഷമീറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്‌ഐമാരായ കെ ജി ജയപ്രദീപ്, ജിജു പോൾ, സീനിയർ സിപിഒമാരായ എൻ പ്രശാന്ത്, ടി ഉൺമേഷ്, ജോമോൻ, അഭിലാഷ്, സിപിഒമാരായ അനിഷ് ശരത് എന്നിവരും അന്വേഷകസംഘത്തിലുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..