കയ്പമംഗലം
കോയമ്പത്തൂർ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തി ആംബുലൻസിൽ ഉപേക്ഷിച്ചു. കോയമ്പത്തൂർ സോമന്നൂർ സ്വദേശി ചാൾസ് ബെഞ്ചമിൻ(40) എന്ന അരുൺ ആണ് കൊല്ലപ്പെട്ടത്. കയ്പമംഗലം വഞ്ചിപ്പുരയ്‌ക്കടുത്ത് തിങ്കൾ രാത്രി പത്തോടെയാണ് സംഭവം.
കാറിൽ വന്ന നാൽവർ സംഘം അപകടത്തിൽ പരിക്ക് പറ്റിയെന്ന് പറഞ്ഞ് ആംബുലൻസ് വിളിച്ച് വരുത്തി അരുണിനെ ആശുപത്രിയിലേക്ക് അയച്ചശേഷം മുങ്ങുകയായിരുന്നു തങ്ങൾ പുറകെ എത്താമെന്നാണ് ആംബുലൻസ് ഡ്രൈവറോട് പറഞ്ഞത്. ആശുപത്രിയിലെത്തുമ്പോൾ അരുൺ മരിച്ചിരുന്നു. റൈസ് പുള്ളർ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു.
കണ്ണൂർ സ്വദേശിയായ സാദിഖിൽനിന്നും പത്ത് ലക്ഷം രൂപ, ആലപ്പുഴ സ്വദേശി ശശാങ്കൻ എന്നയാൾ മുഖേന അരുൺ വാങ്ങിയിരുന്നു. ആറ് മാസം പിന്നിട്ടിട്ടും പണം തിരിച്ചു ലഭിച്ചില്ല. അരുണിനെ സാദിഖിന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച രാവിലെ പത്തിന് പാലിയേക്കരയിലേക്ക് വിളിച്ചു വരുത്തി. തുടർന്ന് കല്ലൂരുള്ള കേന്ദ്രത്തിലെത്തിച്ച് മർദിച്ചു. വൈകിട്ട് നാലോടെ അരുണിനെയും ശശാങ്കനെയും പടിഞ്ഞാറേ വെമ്പല്ലൂരുള്ള സുഹൃത്ത് മുത്തു താമസിക്കുന്ന വീട്ടിലെത്തിച്ചും മർദിച്ചു.
രാത്രി എട്ടരയോടെ അരുണിന് ചലനമില്ലാതായി. ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കാറിൽ കയറ്റുന്നതിനിടെ ശശാങ്കൻ ഓടി രക്ഷപ്പെട്ടു. രക്ഷപ്പെട്ട ശശാങ്കൻ അസ്മാബി കോളേജിന് സമീപത്തുള്ള കടയിൽ കയറി വിവരം അറിയിച്ചു. കടക്കാരൻ അറിയിച്ചതിനെത്തുടർന്ന് മതിലകം പൊലീസെത്തിയാണ് ശശാങ്കനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശശാങ്കനിൽനിന്നാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
അരുണിന്റെ മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ബുധനാഴ്ച ബന്ധുക്കൾ എത്തിയശേഷം തുടർ നടപടി സ്വീകരിക്കും. കയ്പമംഗലം ഇൻസ്പെക്ടർ എം ഷാജഹാനാണ് അന്വേഷണച്ചുമതല.
പത്തോളം പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുള്ളതായാണ് വിവരം. കൊടുങ്ങല്ലൂർ ഡി വൈഎസ്‌പി വി കെ രാജു, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി ടി കെ ഷൈജു എന്നിവരും സ്ഥലത്തെത്തി അന്വേഷണം നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..