തൃശൂർ
നഗരത്തിലെ റോഡുകൾ ആധുനികവൽക്കരിക്കുന്ന കോർപറേഷൻ പദ്ധതിയുടെ ഭാഗമായി കൂർക്കഞ്ചേരി– കുറുപ്പം റോഡിന്റെ കോൺക്രീറ്റ് ജോലികൾ ചൊവ്വാഴ്‌ച തുടങ്ങി. കൊടുങ്ങല്ലൂർ–- തൃശൂർ റോഡിന്റെ കോർപറേഷൻ പരിധിയിലുള്ള രണ്ടര കിലോമീറ്റർ ദൂരം 10 കോടി ചെലവിട്ടാണ് പുനർനിർമിക്കുന്നത്. റോഡിലെ പ്രധാന ജങ്‌ഷനുകളിലെ ഇന്റർലോക്കുകൾ അതുപോലെ നിലനിർത്തിയാണ് റോഡ് നിർമാണം.
ഗതാഗതം പരമാവധി തടസ്സപ്പെടാതെയിരിക്കാൻ നാല് റിച്ചുകളിലായാണ് കോൺക്രീറ്റ് ചെയ്യുന്നത്. ആദ്യഘട്ട നിർമാണം കുർക്കഞ്ചേരി മുതൽ മെട്രോ ആശുപത്രിവരെയാണ്. ഒരു കിലോമീറ്ററോളം വരുന്ന ഈ റോഡിന്റെ നിർമാണം 45–-60 ദിവസത്തിനകം പൂർത്തിയാകും. അടുത്ത ഘട്ടം മെട്രോ ആശുപത്രി മുതൽ കൊക്കാല സിദ്ധാർഥ ഹോട്ടൽ വരെയാണ്.
പണി നടക്കുന്നതിനാൽ ഗതാഗതം ക്രമീകരണം ഏർപ്പെടുത്തി . ഒരു വശത്തൂടെ മാത്രമാണ് വാഹനങ്ങൾ കടത്തി വിടുന്നത്. ഇരിങ്ങാലക്കുട ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളെ ഇതിലൂടെ കടത്തിവിടും. തൃശൂരിൽ നിന്ന് വരുന്ന വാഹനങ്ങൾ വഴിതിരിഞ്ഞ് പോകണം. ഇതിന് പിന്നാലെ കോർപറേഷന് കീഴിലുള്ള വിവിധ റോഡുകളും സമാന രീതിയിൽ പുനർനിർമിക്കും. 2030 ഓടെ രാജ്യത്തെ വികസിത നഗരങ്ങളുടെയൊപ്പം തൃശൂരിനെ എത്തിക്കാൻ ആവിഷ്കരിച്ച നിരവധി പദ്ധതികളുടെ ഭാഗമായാണ് റോഡുകളുടെ ആധുനികവൽക്കരണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..