02 October Wednesday
മാലിന്യം ഒഴുക്കൽ

നടപടിയെടുക്കാന്‍ നഗരസഭാ ചെയർമാൻ വിമുഖത കാട്ടുന്നെന്ന്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024

സൗത്ത് ജങ്ഷനില്‍ ബസ് സ്റ്റാൻഡിനു സമീപം കെട്ടിക്കിടക്കുന്ന കക്കൂസ് മാലിന്യം

ചാലക്കുടി
സ്വാകാര്യ സ്ഥാപനത്തിൽ നിന്ന്‌ റോഡിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നവർക്കെതിരെ നടപടിയെടുക്കാൻ  നഗരസഭ ചെയർമാൻ എബി ജോർജ്‌   വിമുഖത കാട്ടുന്നതായി ആക്ഷേപം. സൗത്ത് ജങ്ഷനിലെ ബസ് സ്റ്റാൻഡിന് സമീപത്തെ സർവീസ് റോഡിലൂടെയാണ് സ്വകാര്യ സ്ഥാപനത്തിൽ നിന്നും മലിനജലം ഒഴുക്കിവിടുന്നത്. രൂക്ഷമായ ദുർഗന്ധത്തെ തുടർന്ന് മൂക്കുപൊത്തി പോകേണ്ട അവസ്ഥയാണിപ്പോൾ. 
മാസങ്ങളായി മാലിന്യം ഒഴുക്കിവിടുന്നത് തുടരുമ്പോഴും നഗരസഭ ആരോഗ്യ വിഭാഗവും കണ്ടതായി നടിക്കുന്നില്ല. എംഎൽഎ, നഗരസഭ ചെയർമാൻ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എന്നിവരെ നേരിട്ട് കണ്ട്  യാത്രക്കാരും വ്യാപാരികളും  പരാതിയറിയിച്ചിട്ടും ഒരു നടപടിയും ഇതുവരേയും ആയില്ലെന്നാണ് ആഷേപമുയരുന്നത്. ചാലക്കുടി മേഖലയിൽ ഡെങ്കിപ്പനിയടക്കമുള്ള പകർച്ച വ്യാധികൾ പടരുമ്പോഴും അതിനൊക്കെ വഴി തെളിക്കുന്ന മാലിന്യം ഒഴുക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ല. സ്വകാര്യ സ്ഥാപനത്തിലെ സെപ്റ്റിക്‌ ടാങ്കിൽ നിന്നുള്ള മാലിന്യം സർവീസ് റോഡിലെ കാനയിലേക്കാണ് ഒഴുക്കിവിടുന്നത്. കാന കവിഞ്ഞ് ഒഴുകിയെത്തുന്ന മാലിന്യം ബസ് സ്റ്റാൻഡ്‌ പരിസരത്ത് കെട്ടിക്കിടക്കുകയാണ്. 
വാഹനങ്ങൾ ഇതുവഴി പോകുമ്പോൾ ഇവ യാത്രക്കാരുടെ ദേഹത്തേക്ക് തെറിക്കുന്നുണ്ട്.   സർവീസ് റോഡും കാനയും തങ്ങളുടെ പരിധിയിലുള്ളതല്ല എന്നാണ് നഗരസഭയുടെ വിശദീകരണം. എന്നാൽ മാലിന്യം ഒഴുക്കിവിടുന്നെന്ന് പറയുന്ന സ്ഥാപനം നഗരസഭാ പരിധിക്കുള്ളിലാണ്. സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചുകൂടെയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. 
സൗത്ത് ജങ്ഷൻ നവീകരിക്കാൻ നഗരസഭ ചെയർമാൻ പദ്ധതി വിഭാവനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി വിപുലമായ യോഗവും വിളിച്ചുകൂട്ടി. എന്നാൽ പദ്ധതി യോഗത്തിലെ പ്രസംഗത്തിൽ മാത്രമായൊതുങ്ങി. സൗന്ദര്യവൽക്കരണമൊന്നും ഇല്ലെങ്കിലും മലിനവെള്ളം ഒഴുക്കിവിടുന്നത് തടയാനെങ്കിലും ചെയർമാൻ തയ്യാറാകണം എന്നാണ് നാട്ടുകാരുടേയും വ്യാപാരികളുടേയും ആവശ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top