തൃശൂർ
ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡ് പരിസരത്ത് നടപ്പാക്കിയ ഗതാഗത പരിഷ്‌കാരം കാരണം ബസുകൾക്ക് സർവീസ് നടത്താൻ കഴിയാത്ത സാഹചര്യത്തിൽ 30ന് സർവീസ് നിർത്തി തൊഴിലാളികൾ പണിമുടക്കാൻ സംയുക്ത ബസ് തൊഴിലാളി സംഘടനാ യോഗം തീരുമാനിച്ചു. കൂർക്കഞ്ചേരി–-- കൊടുങ്ങല്ലൂർ, പുഴയ്ക്കൽ –-കുന്നംകുളം റൂട്ടിലും റോഡ്പണികൾ നടക്കുന്നതിനാൽ വിവിധ പ്രദേശങ്ങളിൽ ഗതാഗതം തിരിച്ചു വിടൽ കാരണം ബസുകൾ സമയമില്ലാതെയാണ് ഓടുന്നത്. ഈ സാഹചര്യത്തിലാണ് 700 ബസുകൾ സർവീസ് നടത്തുന്ന ശക്തൻ ബസ് സ്റ്റാൻഡ് പരിസരത്ത് അധികൃതർ
ഏകപക്ഷീയ പരിഷ്‌കാരം ഏർപ്പെടുത്തിയത്. സ്റ്റാൻഡിലെത്തുന്ന ബസ് തൊഴിലാളികൾക്ക് പ്രാഥമികആവശ്യങ്ങൾ നിർവഹിക്കാൻ പോലും സമയം ലഭിക്കുന്നില്ല. സമയത്തിന് ബസുകൾക്ക് സർവീസ് നടത്താനും കഴിയുന്നില്ല. സ്റ്റാൻഡിനകത്തെ റോഡുകൾ ഒന്നരവർഷമായി തകർന്ന് കിടക്കുകയാണ്. അതിനാൽ പുതിയ പരിഷ്‌കാരം ഉടനെ പിൻവലിക്കണമെന്ന് ബസ് തൊഴിലാളി സംയുക്ത യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ തൃശൂർ ഡിസ്ട്രിക്ട് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (സിഐടിയു) പ്രസിഡന്റ് കെ വി ഹരിദാസ്, സെക്രട്ടറി കെ പി സണ്ണി, ബിഎംഎസ് ജില്ലാ പ്രസിഡന്റ് എം എം വത്സൻ, ജനറൽ സെക്രട്ടറി കെ ഹരീഷ്, ഐഎൻടിയുസി ജില്ലാ സെക്രട്ടറി വി എ ഷംസുദീൻ, എ ആർ ബാബു, എഐടിയുസി സെക്രട്ടറി കെ കെ ഹരിദാസ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..