കൊടുങ്ങല്ലൂർ
തിരമാലകൾക്കും സുപരിചിതമാണ് സജീബ് ദേബ് നാഥിന്റെ പാട്ടുകൾ. കടലോരത്ത് നിന്ന് ഗിറ്റാർ മീട്ടി ദേബ് നാഥ് പാടുന്നത് പ്രണയാർദ്ര ഗാനങ്ങൾ. അഴീക്കോട് മുനയ്ക്കൽ ബീച്ചിലെത്തുന്നവർക്ക് ആ ഗാനമാധുരിയിൽ ലയിക്കുന്നത് ഏറെ സന്തോഷകരം.
കൊൽക്കത്ത സ്വദേശിയാണ് സജീബ് ദേബ് നാഥ്. ഇവിടെ നിന്ന് കേരളത്തിലേക്ക് തീവണ്ടി കയറുമ്പോൾ ഗിറ്റാറും കൈയിലെടുത്ത് അങ്ങനെ തൊഴിൽ തേടിയെത്തിയത് മുസിരിസ് തീരമായ മുനയ്ക്കൽ ബീച്ചിൽ. ഫിഷിങ് ബോട്ടിലെ തൊഴിലാളിയായി. കടലിൽ മീൻ പിടിക്കാൻ പോകുമ്പോഴും ഗിറ്റാർ കൈയിൽ കരുതും.മീൻ പിടിച്ച് തിരിച്ചു വരുമ്പോൾ തൊഴിലാളികൾ ദേബ് നാഥിന്റെ പാട്ട് കേട്ട് ഉഷാറാകും. അവസാനം കൈയടിച്ച് പ്രോൽസാഹനം നൽകും സിവിൽ എൻജിനിയറിങ് ഡിപ്ലോമ പാസായെങ്കിലും ജോലി ലഭിച്ചില്ല. തുടർന്നാണ് കേരളത്തിലേക്ക് തൊഴിൽ തേടിയെത്തിയത്. സുഹൃത്ത് ഫിഷിങ് ബോട്ടിൽ അഴീക്കോട് ജോലി ചെയ്യുന്നുണ്ടായിരുന്നു. ആദ്യം ബോട്ടിൽ പോകുന്നത് ബുദ്ധിമുട്ടായിരുന്നെങ്കിലും വലയടിക്കാനും വലിക്കാനും പഠിച്ചു. ഫിഷിങ് ഇല്ലാത്ത സമയങ്ങളിൽ ഗിറ്റാറുമായി അഴീക്കോട് മുനയ്ക്കൽ ബീച്ചിലിരുന്ന് രബീന്ദ്ര സംഗീതമുൾപ്പെടെ മനോഹരമായ പാട്ടുകൾ പാടും ഹൃദയഹാരിയായ പാട്ടുകൾ കേൾക്കാൻ ജനം കൂട്ടം കൂടും മലയാളികൾ നല്ല സംഗീതപ്രേമികളാണെന്ന് സജീബ് ദേബ് നാഥ് പറഞ്ഞു.
നല്ലൊരു ജോലി ലഭിക്കണം, പിന്നെ തന്റെ സംഗീതം പ്രചരിപ്പിക്കാൻ യു ട്യൂബ് ചാനൽ തുടങ്ങണം ഇതാണ് സ്വപ്നമെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..