25 October Friday

സ്വന്തം ഭൂമിയിൽ 
ഉറങ്ങാം, ഭയമില്ലാതെ

കെ എ നിധിൻ നാഥ്Updated: Friday Oct 25, 2024

വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം പട്ടയം ലഭിച്ച എം നാരായണൻ 
വീടിനു മുന്നിൽ

ചേലക്കര
വീടിന്റെ ഉമ്മറത്തിരുന്ന്‌ പാട്ടു പാടുമ്പോൾ  തിരുവില്വാമല പാമ്പാടി സ്വദേശി നാരായണന്റെ  മുഖത്ത്‌ നിറ ചിരിയാണ്‌. 50 വർഷത്തിലധികമായി കൊണ്ടുനടന്ന ആഗ്രഹം നിറവേറിയതിന്റെ ചിരി. താമസിക്കുന്ന സ്ഥലത്തിന്റെ ഭൂമി സ്വന്തം പേരിലാകണമെന്ന സ്വപ്‌നം ഒക്ടോബറിൽ നടന്ന പട്ടയമേളയിൽ സാധ്യമായി. 
 ‘മരിക്കും മുമ്പ്‌ മക്കൾക്ക്‌ ഭൂമി വാങ്ങിക്കൊടുക്കണം’ എന്ന്‌ ആഗ്രഹിച്ചിരുന്നു, അതിന്‌ കഴിഞ്ഞുവെന്ന ആശ്വാസത്തിലാണ്‌ എൺപത്തേഴുകാരനായ നാരായണൻ. ഒപ്പം ഇനിയാരുംവീട്ടിൽ നിന്ന്‌ ഇറക്കിവിടില്ലെന്ന ഉറപ്പിൽ ഭയമില്ലാതെ ഉറങ്ങാനാവുന്നതിന്റെ സന്തോഷവും. 
പതിറ്റാണ്ടുകൾക്ക്‌ മുമ്പ്‌ താമസിക്കാനിടം തേടി പാമ്പാടിയിലെത്തിയ നാരായണനും കുടുംബവും ഭാരതപ്പുഴയോട്‌ ചേർന്ന പഴയ ചുങ്കം പിരിവ്‌ കേന്ദ്രം ‘വീടാക്കി’.  സൗകര്യങ്ങളൊന്നുമില്ലാത്ത ഒരിടമായിരുന്നു അത്‌.  സർക്കാർ ഭൂമിയും കെട്ടിടവുമായിരുന്നതിനാൽ ഇടയ്‌ക്കിടെ ഉദ്യോഗസ്ഥരെത്തി ഒഴിയണമെന്ന്‌ ആവശ്യപ്പെടും.  കിടപ്പാടം വിട്ടിറങ്ങിയാൽ തലചായ്‌ക്കാൻ ഒരിടമില്ലെന്ന ഭയത്തിൽ ജീവിച്ച നാളുകളായിരുന്നു അധികവും. അനുഭവിച്ച ഭയത്തിനും ആശങ്കകൾക്കുംകൂടിയാണ്‌ എൽഡിഎഫ്‌ സർക്കാർ ആശ്വാസമേകിയത്‌. താമസിച്ച ഇടത്തിന്‌ പട്ടയം നൽകി.
ഭാര്യ രാജമ്മയുടെ പേരിലാണ്‌ പട്ടയത്തിന്‌ അപേക്ഷിച്ചത്‌. എന്നാൽ ഒന്നര വർഷം മുമ്പ്‌ അവർ മരിച്ചു. തുടർന്നാണ്‌ നാരായണന്റെ പേരിൽ പട്ടയം അനുവദിച്ചത്‌. പട്ടയം ലഭിച്ച ഭൂമിക്ക്‌ വില്ലേജ്‌ ഓഫീസിൽനിന്ന്‌ നികുതിയടയ്‌ക്കുകയും ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top