ഗുരുവായൂർ
ഗുരുവായൂർ ഏകാദശി 14–-ാം ദിവസം എസ്ബിഐ കുടുംബാംഗങ്ങളുടെ വിളക്കായി ആഘോഷിച്ചു. സമ്പൂർണ നെയ്‌വിളക്കായാണ് ആഘോഷിച്ചത്. ക്ഷേത്രത്തിൽ രാവിലെ ഏഴിന് കാഴ്‌ചശീവേലിക്ക് കിഴക്കൂട്ട് അനിയൻ മാരാരുടെ പഞ്ചാരിമേളം അകമ്പടിയായി. ഉച്ചക്കും വൈകിട്ടും പല്ലാവൂർ ശ്രീധരമാരാരും സംഘവും ചേർന്ന പഞ്ചവാദ്യമാണ് വിശേഷാൽ കാഴ്ച ശീവേലിക്ക് അരങ്ങായത്. ദേവസ്വം കൊമ്പൻ ഇന്ദ്രസെൻ രാത്രി നടന്ന വിശേഷാൽ കാഴ്ച ശീവേലിക്ക് തിടമ്പേറ്റി.
വൈകിട്ട് ദേവദത്ത് എസ് മാരാർ അവതരിപ്പിച്ച തായമ്പകയും ഗുരുവായൂർ മുരളിയും സംഘവും അവതരിപ്പിച്ച നാഗസ്വരവും അരങ്ങേറി. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ എട്ടിന് ആരംഭിച്ച ബാങ്ക് ജീവനക്കാരുടെയും പെൻഷൻകാരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ രാത്രി പത്ത് വരെ തുടർന്നു. വൈകിട്ട് ദീപാരാധനയ്‌ക്ക് ശേഷം സ്റ്റേറ്റ് ബാങ്ക് ജീവനക്കാരും കുടുംബാംഗങ്ങളും അവതരിപ്പിച്ച നൃത്ത പരിപാടി, ഭക്തിഗാനമേള എന്നിവയുമുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..