25 November Monday

സംയുക്ത സമര പ്രഖ്യാപന കൺവൻഷൻ ഡിസംബർ 22ന്‌ തൃശൂരിൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024
തൃശൂർ 
സംസ്ഥാനത്തെ അടഞ്ഞുകിടക്കുന്ന ടെക്സ്റ്റൈൽ മില്ലുകൾ തുറന്ന്‌ പ്രവർത്തിക്കണമെന്നും മില്ലുകളിലെ  പ്രതിസന്ധികൾ പരിഹരിക്കണമെന്നുമാവശ്യപ്പെട്ട്‌ സംയുക്ത ഫെഡറേഷനുകളുടെ നേതൃത്വത്തിൽ തൊഴിലാളി കൺവൻഷൻ ചേരും.  ഡിസംബർ 22ന് തൃശൂർ കറപ്പൻ സ്‌മാരക ഹാളിലാണ്‌  കൺവൻഷൻ. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ടെക്സ്റ്റൈൽ മില്ലുകൾ, തൃശൂർ സഹകരണ ടെക്സ്റ്റൈൽ മില്ല്‌, കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിൽ എൻ ടി സിയുടെ കീഴിലുള്ള മില്ലുകൾ എന്നിവിടങ്ങളിലെ തൊഴിലാളികൾ കൺവൻഷനിൽ പങ്കെടുക്കും.
കേരളത്തിൽ കെഎസ്ടിസിയുടെ കീഴിൽ പ്രവർത്തിക്കുന്ന മലപ്പുറം എടരിക്കോട്, കോട്ടയം, തൃശൂർ സീതാറാം ടെക്സ്റ്റൈൽസുകൾ  മാസങ്ങളായും  തൃശൂർ സഹകരണമില്ല് 2023 ഫെബ്രുവരി മുതലും പ്രവർത്തിക്കുന്നില്ല. എൻടിസി മില്ലുകൾ 2020 ഏപ്രിൽ മുതൽ അടഞ്ഞുകിടക്കുകയാണ്‌. തൊഴിലാളികൾക്ക്‌ ലേ ഓഫ് വേതനം പോലും നൽകുന്നില്ല.  ആയിരത്തോളം തൊഴിലാളികൾ പട്ടിണിയിലാണ്‌. പ്രവർത്തനമൂലധനത്തിന്റെ കുറവ് മൂലം  മില്ലുകൾ കടുത്ത പ്രതിസന്ധിയിലാണ്‌.  കുടിശ്ശിക മൂലം വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുന്ന സ്ഥിതിയും പല മില്ലുകളിലുമുണ്ട്.  സ്റ്റാറ്റ്യൂട്ടറി  കുടിശ്ശികയും  പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുന്നു. പ്രശ്‌ന പരിഹാരത്തിനായി സർക്കാർ അനുവദിച്ച ഫണ്ട് ധനകാര്യ അനുമതി ലഭിക്കാത്തതിനാൽ വിനിയോഗിക്കാൻ കഴിയുന്നില്ല. വിഷയങ്ങൾ  ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരമായില്ല. 
ഐഎൻടിയുസി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ വി വി ശശിധരൻ സംയുക്ത യോഗത്തിൽ അധ്യക്ഷനായി. പ്രക്ഷോഭ പരിപാടികളുടെ വിശദാംശങ്ങൾ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്‌ വിശദീകരിച്ചു.  ടെക്സ്റ്റൈൽ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം ആർ രാജൻ, പി വി രാധാകൃഷ്ണൻ ( സിഐടിയു), ടെക്സ്റ്റൈൽസ് എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി വിജയൻ കുനിശ്ശേരി, എം രാധാകൃഷ്ണൻ, ഉണ്ണിക്കൃഷ്ണൻ (എഐടിയുസി), ടെക്സ്റ്റൈൽ മസ്ദൂർ ഫെഡറേഷൻ സെക്രട്ടറി പി കെ രവീന്ദ്രനാഥ് ( ബിഎംഎസ്), അഡ്വ. ബിനു ബോസ് എന്നിവർ  സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top