കുന്നംകുളം
കേരളോത്സവം ജില്ലാതല മത്സരങ്ങൾ 26 മുതൽ 29 വരെ നടക്കും. സംസ്ഥാന യുവജന ക്ഷേമ ബോർഡും, ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കലാമത്സരങ്ങൾ തൃശൂർ നഗരത്തിലെ വിവിധ വേദികളിലും, കായിക മത്സരങ്ങൾ കുന്നംകുളം അന്താരാഷ്ട്ര സിന്തറ്റിക്ക് ഗ്രൗണ്ടിലും സമീപത്തെ മറ്റു വേദികളിലുമായാണ് സംഘടിപ്പിക്കുക. കുന്നംകുളം സീനിയർ ഗ്രൗണ്ടിൽ 26ന് രാവിലെ 9.30ന് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. എ സി മൊയ്തീൻ എംഎൽഎ അധ്യക്ഷനാകും, കെ രാധാകൃഷ്ണൻ എംപി, കലക്ടർ അർജുൻ പാണ്ഡ്യൻ, സി വി പാപ്പച്ചൻ, ജോ പോൾ അഞ്ചേരി എന്നിവർ മുഖ്യാതിഥികളാകും. ബ്ലോക്ക്, നഗരസഭകളിൽ നിന്ന് വിജയികളായെത്തുന്ന അയ്യായിരത്തോളം മത്സരാർഥികൾ പങ്കാളികളാകും. 26ന് കളരിപ്പയറ്റ്, അത്‌ലറ്റിക്സ്, ഫുട്ബോൾ മത്സരങ്ങളും, സ്റ്റേജിതര കലാ രചനാ മത്സരങ്ങളുമാണ് നടക്കുക. 29ന് തൃശൂരിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനാകും. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മുഖ്യാഥിതിയാകുമെന്ന് സംഘാടക സമിതി ഭാരവാഹികളായ റഹീം വീട്ടിപ്പറമ്പിൽ, സി ടി സബിത, സീത രവീന്ദ്രൻ, എ വി വല്ലഭൻ, സൗമ്യ അനിലൻ പി ഐ ഷെബീർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..