08 September Sunday
പാവറട്ടി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്

കോൺ​ഗ്രസില്‍ കൂട്ടയടി: 
പരാതിയുമായി ഇരുപക്ഷം

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024
പാവറട്ടി
 28 ന് നടക്കുന്ന പാവറട്ടി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിലുണ്ടായ ചേരിതിരിവിനെ തുടർന്ന്  പൊലീസിൽ പരാതികൾ തുടരുന്നു. ഡിസിസി സെക്രട്ടറി വി വേണുഗോപാൽ  വിമതവിഭാഗത്തിൽ മത്സരിക്കുന്ന ഷിജു വിളക്കാട്ടുപാടത്തെ പൊതു ഇടത്തിൽ ജാതി പേര് വിളിച്ച് അപമാനിച്ചെന്ന് കാണിച്ച്  പാവറട്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വീട്ടിലുണ്ടായിരുന്ന അമ്മയോട്  നിങ്ങളുടെ മകനെ കൊല്ലുമെന്ന് വിമത വിഭാ​ഗം  ഭീഷണിപ്പെടുത്തിയതായി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആന്റോ ലിജോ ബുധനാഴ്ച പരാതി നൽകിയിരുന്നു. ഇതിനുപുറമേ വ്യാഴാഴ്ച മറ്റൊരു പരാതി കൂടി ഗുരുവായൂർ എസിപിക്ക് നൽകി. ആന്റോ ലിജോയുടെ 71 വയസ്സുള്ള അമ്മ ചീരൻ വീട്ടിൽ ലില്ലി കൊച്ചപ്പനാണ്  പരാതി നൽകിയത്. വീട്ടിൽ അതിക്രമിച്ചു കയറി പ്രായമായ തന്നോട് മകനെ കൊല്ലുമെന്ന ഭീഷണിപ്പെടുത്തിയതായും ഇത് കേട്ട്  തളർന്ന് വീണ് ആരോഗ്യം മോശമായെന്നും പരാതിയിൽ പറയുന്നു. ഇതോടെ ചേരിതിരിഞ്ഞ് മത്സരിക്കുന്ന കോൺഗ്രസ് വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി. 
 ഡിസിസി അംഗീകരിച്ച സ്ഥാനാർഥികളുടെ ഫോട്ടോയുമായി ഔദ്യോഗിക വിഭാഗം പാവറട്ടി സെന്ററില്‍ സ്ഥാപിച്ച ഫ്ലക്സ് ബോർഡിൽ നിന്നും വിമത വിഭാഗത്തിലെ സ്ഥാനാർഥികളെത്തി അവരവരുടെ തല പടം വെട്ടി മാറ്റിയതോടെയാണ് സംഘർഷങ്ങളുടെ തുടക്കം. ഡിസിസി അംഗീകരിച്ച ലിസ്റ്റിൽ ഇപ്പോൾ വിമതവിഭാഗത്തിൽ മത്സരിക്കുന്ന അഞ്ചു പേരുണ്ട്.  ഇതിൽ മൂന്നു പേരെ വിമത പ്രവർത്തനത്തിന്റെ പേരിൽ ഡിസിസി കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. അവശേഷിക്കുന്നവരുടെ ഫോട്ടോ ഉൾപ്പെടുത്തിയാണ് ഔദ്യോഗിക വിഭാഗം ഫ്ലക്സ് ബോർഡ് വച്ചത് എന്നാൽ തങ്ങളുടെ അനുവാദമില്ലാതെയാണ് ഫ്ലക്സിൽ ഫോട്ടോ വച്ചതെന്ന് ആരോപിച്ചാണ് വിമത വിഭാഗത്തിന്റെ സ്ഥാനാർഥി ലിസ്റ്റിൽ ഉൾപ്പെട്ടവർ ഔദ്യോഗിക ഫ്ലക്സിലെ തങ്ങളുടെ ഫോട്ടോ വെട്ടിമാറ്റിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top