തൃശൂർ
അഴിമതിയും ക്രമക്കേടുകളും നടത്തിയതായി കണ്ടെത്തിയതിനെത്തുടർന്ന് തൃശൂർ എൻഫോഴ്‌സ്‌മെന്റ് ആർടിഒയെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്‌തു. നിലവിൽ തൃശൂർ ആർടിഒയുടെ ചുമതല വഹിക്കുന്ന ജെബി ഐ ചെറിയാൻ മോട്ടോർ വാഹന വകുപ്പിൽ ചേർത്തല സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിലെ ജോയിന്റ് ആർടിഒ ആയിരിക്കെ നടത്തിയ അഴിമതികളിലാണ് നടപടി. എറണാകുളം ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ നടത്തിയ പരിശോധനയിൽ അപേക്ഷകളിൽ വിവിധ ക്രമക്കേടുകൾ കണ്ടെത്തി. സർക്കാർ ഖജനാവിന് ഭീമമായ നഷ്ടം വരുത്തിയിട്ടുള്ളതായും കണ്ടെത്തി. ഗതാഗത കമീഷണറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഇയാളെ സസ്പെൻഡ് ചെയ്‌തത്.
മോട്ടോർ വാഹന വകുപ്പിന്റെ നിയമങ്ങളും ചട്ടങ്ങളും മാർഗ നിർദേശങ്ങളും ലംഘിച്ച് വാഹന നികുതി ഒഴിവാക്കി നൽകി. പല കേസുകളിലും ഇളവുകൾ നൽകി. നിയമവിരുദ്ധമായി വാഹനത്തിന്റെ ആർസി റദ്ദാക്കി. പരിശോധനകളില്ലാതെ അപേക്ഷ ലഭിച്ച ദിവസം തന്നെ റിപ്പോർട്ട് എഴുതിയാണ് റദ്ദാക്കൽ. കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസൻസുകൾ റീടെസ്‌റ്റ് കൂടാതെ പുതുക്കി നൽകി. ഓഫീസ് നടപടിക്രമങ്ങൾ പാലിക്കാതെ അപേക്ഷകൾ നേരിട്ട് വാങ്ങി ക്രമക്കേട് നടത്തി. വ്യാജരേഖകൾ സ്വയം ചമച്ചു. നികുതി കുടിശ്ശിക വരുത്തുന്നവരുടെ പേരിൽ നിയമാനുസരണമുള്ള ജപ്‌തി നടപടി സ്വീകരിച്ചില്ല. ഇത്തരത്തിൽ 32,21 ,165 രൂപ നഷ്ടം വരുത്തിയതിന് ചേർത്തല പൊലീസ് കേസെടുത്തിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..