08 September Sunday

ഓണക്കനിയും നിറപ്പൊലിമയുമായി കുടുംബശ്രീ

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024
തൃശൂർ
ഓണത്തിന്‌ മറുനാടൻ പൂക്കൾക്കിടയിൽ ഇടം പിടിക്കാനും വിഷരഹിത പച്ചക്കറികൾ വിപണിയിലെത്തിക്കാനും കുടുംബശ്രീ ഒരുക്കുന്ന നിറപ്പൊലിമ, ഓണക്കനി പദ്ധതി ഒരുങ്ങുന്നു. പൂക്കളും പച്ചക്കറികളും കുടുംബശ്രീ ചന്തകളിലും ഓണത്തോടനുബന്ധിച്ചുള്ള പ്രാദേശിക വിപണികളിലും ഇടം പിടിക്കാനൊരുങ്ങുകയാണ്‌.  
സദ്യയ്‌ക്ക്‌ വിഷരഹിത പച്ചക്കറികളൊരുക്കാൻ ജില്ലയിലെ 16 ബ്ലോക്കുകളിലായി 2389 ജെഎൽജി ഗ്രൂപ്പുകൾ 2333.03 ഏക്കറിലാണ്‌ പച്ചക്കറി കൃഷി ചെയ്യുന്നത്‌. 212.8 ഏക്കറിൽ 156 ജെഎൽജികൾ പൂക്കൃഷിയുമാണ്‌ നടത്തുന്നത്‌. കൃഷിസ്ഥലങ്ങളിൽ തന്നെ നേരിട്ട് പൂവ് വിപണനം നടത്തുകയും ചെയ്യും. കുടുംബശ്രീയിലെ കർഷക വനിതകൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന പദ്ധതിയിൽ ജമന്തി,  ചെണ്ടുമല്ലി എന്നിവയാണ്‌ കൃഷി ചെയ്യുന്നത്‌. കൃഷിവകുപ്പിന്റെ സാങ്കേതിക സഹായവും വിപണനമാർഗങ്ങളും സജ്ജമാക്കും. വിഷരഹിത പച്ചക്കറികളും പഴങ്ങളും ലഭ്യമാക്കുന്നതിന് പയർ, പാവൽ, വെണ്ട, പടവലം, നേന്ത്രക്കായ, ചീര, ചേന, തക്കാളി, വഴുതന, മുരിങ്ങ, മുളക് എന്നിവയാണ്‌ കൃഷി ചെയ്യുന്നത്‌. കർഷകർ മുഖേനയാണ് കാർഷികോൽപ്പന്നങ്ങൾ പൊതുവിപണിയിലേക്ക് നേരിട്ടെത്തിക്കുക. ജില്ലയിൽ നിലവിൽ 16 ബ്ലോക്കുകളിലായി 8974  ജെഎൽജി ഗ്രൂപ്പുകളിലായി 35896 അംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്‌.  വൈവിധ്യമാർന്ന കൃഷി രീതികൾ അവലംബിച്ചു കൊണ്ട് കർഷകർക്ക് ഉൽപ്പാദനവും വരുമാനവും വർധിപ്പിക്കാനുമാണ്‌ ഇത്തരത്തിലുള്ള സഹായങ്ങൾ കുടുംബശ്രീ നടപ്പിലാക്കുന്നത്‌. 
ഈ ഓണം, വിഷരഹിത  പച്ചക്കറികളും ചെണ്ടുമല്ലിയും ജമന്തിയും കൊണ്ട്‌ നിറഞ്ഞ് കളറാക്കാൻ ഒരുങ്ങുകയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top