തൃശൂർ
അരമണി കുലുക്കി മേളത്തിനൊത്ത് ചുവടുവച്ച് നിറച്ചാർത്തായി പട്ടണത്തിൽ പുലികളിറങ്ങാറായി. നാലാം ഓണനാളായ സെപ്‌തംബർ 18ന് പുലികൾ ആടിത്തിമിർക്കും. ഇത്തവണ 11 സംഘങ്ങളുണ്ട്. പുലികളി സംഘങ്ങളുടെ വരവറിയിച്ച് നഗരത്തിലെങ്ങും ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. മലയാളിക്ക് ഓണം പോലെ തൃശൂരുകാർക്ക് പ്രധാനമാണ് പുലികളി. ഒരു സംഘത്തിൽ 35 മുതൽ 51 വരെ പുലികളുണ്ടാകും. വൈകിട്ട് നാലിന് അതത് പ്രദേശങ്ങളിൽ നിന്ന് പുറപ്പെടുന്ന സംഘങ്ങൾ അഞ്ചോടെ സ്വരാജ് റൗണ്ടിലെത്തും. നടുവിലാൽ ഗണപതിക്ക് നാളികേരമുടച്ച് സ്വരാജ് റൗണ്ട് ചുറ്റും. ദീപാലംകൃതമായ നിശ്ചല ദൃശ്യങ്ങളുമുണ്ടാകും. മനുഷ്യ പ്പുലികളുടെ സമാനതകളില്ലാത്ത നൃത്തോത്സവം പതിനായിരങ്ങൾക്ക് ഹരമാകും. ആനയും എഴുന്നള്ളിപ്പുമില്ലാത്ത തൃശൂരിന്റെ രണ്ടാം പൂരമാണിത്.
പട്ടാളക്യാമ്പിൽ തുടങ്ങിയ പൈതൃകം
നൂറ്റാണ്ടിന്റെ പഴക്കമുള്ള പുലികളിക്ക് ഇന്നത്തെ വേഷവിധാനങ്ങളും നിശ്ചലദൃശ്യങ്ങളും കൈവന്നിട്ട് അഞ്ച് പതിറ്റാണ്ടോളമായി. പണ്ട് തൃശൂർ പട്ടാളം റോഡിനടുത്തുണ്ടായിരുന്ന പട്ടാള ക്യാമ്പിൽനിന്നാണ് പുലികളിയുടെ ഉത്ഭവം. മൂന്ന് ചുവടായിട്ടാണ് കളി. വലത്തെ കൈയും ഇടത്തെ കാലുമാണ് ആദ്യം മുന്നിലേക്ക് വെയ്‌ക്കുക. തൊട്ടടുത്ത നിമിഷം ഇടത്തെ കൈയും വലത്തെ കാലും വച്ച് കളിക്കുന്നു. അരയിലെ മണികൾ കുലുങ്ങുകയും ചെണ്ടമേളവും താളമൊപ്പിച്ചുള്ള ചുവടുവയ്‌പ്പും കൂടിയാകുമ്പോൾ പുലികളി നയനാനന്ദകരമാകും. താളം മുറുകുമ്പോൾ ആവേശത്താൽ കാണികളും പുലിക്കൂട്ടത്തിലിറങ്ങും.
പെൺപുലികളും
കുട്ടിപ്പുലികളും
തൃശൂർ നഗരാതിർത്തിയിലെ സംഘങ്ങളാണ് പങ്കെടുക്കുക. വിയ്യൂർ ദേശം, വിയ്യൂർ സെന്റർ, അയ്യന്തോൾ, സീതാറാം മിൽ ലെയ്‌ൻ, കാനാട്ടുകര, ശക്തൻ, ശങ്കരംകുളങ്ങര, ചക്കാമുക്ക്, പാട്ടുരായ്‌ക്കൽ, പൂങ്കുന്നം, കീരംകുളങ്ങര ടീമുകളാണ് പുലികളിക്കെത്തുക. കഴിഞ്ഞ വർഷം അഞ്ച് ടീമുകളായിരുന്നു. വരയൻ പുലി, കരിമ്പുലി, പുള്ളിപ്പുലി തുടങ്ങി പരമ്പരാഗത പുലികൾക്കൊപ്പം പെൺപുലികളും കുട്ടിപ്പുലികളും അണിനിരക്കുന്നു. തലേന്ന് നടക്കുന്ന പുലിവാൽ എഴുന്നള്ളിപ്പും പുലിച്ചമയ പ്രദർശനവും ആകർഷകമാണ്.
ഓരോ ടീമിനും അഞ്ച് ലക്ഷം രൂപയോളം ചെലവ് വരും. കോർപറേഷന്റെ നേതൃത്വത്തിലുള്ള പുലികളിക്ക് കഴിഞ്ഞവർഷം രണ്ടര ലക്ഷം രൂപ വീതം ഓരോ ടീമിനും സഹായധനം നൽകിയിരുന്നു. ഇത്തവണ 25 ശതമാനം വർധനയുണ്ടാകും. കഴിഞ്ഞ വർഷം ടൂറിസം വകുപ്പ് ഓരോ ടീമിനും 50,000 രൂപ വീതം സഹായധനം നൽകിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..