ഗുരുവായൂർ
ഗുരുവായൂർ ക്ഷേത്രത്തിൽ തിങ്കളാഴ്‌ച അഷ്ടമി രോഹിണി ആഘോഷിക്കും. ക്ഷേത്രത്തിലെത്തുന്നവർക്കെല്ലാം ദർശനം ലഭിക്കാൻ ദേവസ്വം സൗകര്യമൊരുക്കി. നിർമാല്യം മുതൽ ദർശനത്തിനുള്ള പൊതുവരി ക്ഷേത്രത്തിലേക്ക് കടത്തിവിടും. പ്രദക്ഷിണം, ശയനപ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവ ഒഴിവാക്കും. മുതിർന്ന പൗരൻമാർക്കുള്ള ദർശനം രാവിലെ നാലര മുതൽ 5.30 വരെയും വൈകിട്ട് അഞ്ചുമുതൽ ആറുവരെ ക്രമീകരിക്കും. ക്ഷേത്ര ദർശനത്തിനുള്ള പൊതുവരി സംവിധാനം അപര്യാപ്തമാകുന്ന പക്ഷം കിഴക്കേ നടപ്പുരയിലോ പൂന്താനം ഹാളിലോ വരിനിൽക്കാൻ സൗകര്യം ഒരുക്കും.
പാൽപ്പായസമുൾപ്പെടെയുള്ള പ്രസാദ ഊട്ട് നടക്കും. രാവിലെ ഒമ്പതിന് പ്രസാദം ഊട്ട് ആരംഭിക്കും. അന്ന ലക്ഷ്മി ഹാളിലും ചേർന്നുള്ള താൽക്കാലിക പന്തലിലും ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലുമാണ് ഊട്ട്. പ്രധാന വഴിപാടായ അപ്പത്തിന്റെ ഒരു ശീട്ടിന് 35 രൂപയാണ്. പരമാവധി 15 ശീട്ട് നൽകും. ക്ഷേത്രം കൗണ്ടറിലൂടെ മാത്രമാണ് ശീട്ടാക്കലും വിതരണവും.
വിശേഷാൽ വാദ്യമേളങ്ങൾ
രാവിലെയും ശീവേലിക്കും പെരുവനം കുട്ടൻ മാരാർ, തിരുവല്ല രാധാകൃഷ്ണൻ എന്നിവരുടെ പ്രമാണികത്വത്തിൽ മേളമൊരുക്കും. പഞ്ചവാദ്യത്തിന് തിമിലയിൽ വൈക്കം ചന്ദ്രൻ മാരാരും സംഘവും മദ്ദളത്തിൽ കുനിശേരി ചന്ദ്രനും സംഘവും ഇടയ്ക്കയിൽ കടവല്ലൂർ രാജു മാരാരും കൊമ്പിൽ മച്ചാട് കണ്ണനും സംഘവും ഇലത്താളത്തിൽ പാഞ്ഞാൾ വേലുക്കുട്ടിയും സംഘവും അണിനിരക്കും. ഗുരുവായൂർ ശശിമാരാരും സംഘവുമാണ് സന്ധ്യാ തായമ്പക ഒരുക്കുക. രാത്രി വിളക്കിന് ഇടയ്ക്ക പ്രദക്ഷിണം നടക്കും. ഇടയ്ക്ക ഗുരുവായൂർ ശശി മാരാരുംസംഘവും നാഗസ്വരത്തിന് ഗുരുവായൂർ മുരളിയും സംഘവും നേതൃത്വം നൽകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..