21 November Thursday

കാർ തടഞ്ഞ്‌ 2.6 കിലോ 
സ്വര്‍ണാഭരണം കവര്‍ന്നു

സ്വന്തം ലേഖകൻUpdated: Thursday Sep 26, 2024
ഒല്ലൂർ
 സ്വർണാഭരണങ്ങളുമായി വന്നിരുന്ന കാര്‍ തടഞ്ഞ അക്രമിസംഘം  രണ്ടരക്കിലോ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. സ്വർണത്തിന്റെ ഉടമയായ തൃശൂര്‍ കിഴക്കേക്കോട്ട നടക്കിലാന്‍ അരുണ്‍ സണ്ണി,  സുഹൃത്ത് പോട്ട സ്വദേശി റിജോ തോമസ് എന്നിവർ സഞ്ചരിച്ച സ്വിഫ്റ്റ് കാർ തടഞ്ഞാണ് ഇരുവരേയും  ആക്രമിച്ച് സ്വർണം കവർന്നതെന്ന്‌ ഇവർ പറയുന്നു.  തുടർന്ന് ഇരുവരേയും രണ്ട് കാറുകളിൽ ബലമായിക്കയറ്റിയ സംഘം ദേശീയപാത കുട്ടനെല്ലൂർ മേഖലയിൽ ഇറക്കിവിട്ടു.
ബുധനാഴ്ച രാവിലെ 10.30 ഓടെ  കുതിരാനുസമീപം കല്ലിടുക്കിലാണ് സംഭവം.രാവിലെ 8.30 ഓടെ  കോയമ്പത്തൂരിലെ ആഭരണ നിർമാണ ശാലയിൽ നിന്ന്‌   2 കിലോ 600 ഗ്രാം ആഭരണവുമായി കാറിൽ  വന്നിരുന്ന ഇവരെ  മൂന്ന് ഇന്നോവ കാറിലെത്തിയ അക്രമിസംഘം കല്ലിടുക്കിൽ തടയുകയായിരുന്നു. തുടർന്ന് മാരാകായുധങ്ങൾ ഉപയോഗിച്ച് കാർ തല്ലിത്തകർത്തു.  അരുണിന്റെ കാലിൽ ചുറ്റികകൊണ്ട്  മര്‍ദിച്ച് അക്രമി സംഘം സ്വര്‍ണം കവർന്നു. തുടർന്ന് അരുണിനെ മൂന്നംഗ സംഘമുള്ള കാറിലും, റെജിയെ നാലംഗ സംഘമുള്ള കാറിലും ബലമായി കയറ്റി. മൂന്നാമത്തെ കാറിൽ എത്ര പേരുണ്ടെന്ന് അറിവില്ല.
കുട്ടനെല്ലൂർ ഭാഗത്തുകൂടി കടന്ന് പുത്തൂർ പുഴയോരത്ത് റെജി തോമസിനേയും   മഹിന്ദ്ര മോട്ടോർ ഷോറൂമിനു സമീപത്ത്‌ അരുൺ സണ്ണിയേയും ഇറക്കിവിട്ടു. 
റെജി  പുത്തൂരിൽനിന്ന് ഓട്ടോ വിളിച്ചാണ് ഒല്ലൂർ സ്റ്റേഷനിലെത്തിയത്. അരുൺ സണ്ണി ദേശീയപാത പുഴമ്പള്ളം ജങ്ഷന് സമീപത്തെ സുഹൃത്തിന്റെ ഓഫീസിലെത്തി. അവിടെനിന്നാണ് ഒല്ലൂർ പൊലീസിൽ വിവരം അറിയിക്കുന്നത്. തുടർന്ന് ഒല്ലൂർ എസ്എച്ച്ഒ ഫർഷാദ് സംഘവും സ്ഥലത്തെത്തി അരുണിനെ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ തേടി.   അരുണിന് ശക്തമായ മര്‍ദനമേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പീച്ചി പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top