15 November Friday

വഴുതി വീണത്‌ മരണത്തിലേക്ക്‌

സ്വന്തം ലേഖകൻUpdated: Thursday Sep 26, 2024
മാള
റോയൽ ബേക്കറിയുടെ അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്നതിനിടയിൽ അഴുക്കുവെള്ളം ഒഴുക്കി പ്പോകാത്തതിന്റെ കാരണം നോക്കാനാണ്‌ ജിതേഷ്‌ മാൻഹോളിലേക്ക്‌ ഇറങ്ങിയത്‌.  ഏഴടി താഴ്‌ചയുള്ള കുഴിയിലേക്ക്‌ കോണി വച്ച്‌ ഇറങ്ങുന്നതിനിടെ കാൽ വഴുതി താഴേക്ക്‌ വീണു. പിന്നാലെ ശ്വാസ തടസ്സവും അനുഭവപ്പെട്ടു. രക്ഷിക്കാനായി സുനിൽകുമാർ ഇറങ്ങി. എന്നാൽ ഇരുവർക്കും തിരിച്ച്‌ കയറാനായില്ല. 
അടുക്കളയിൽ നിന്നുള്ള ഭക്ഷ്യ വേസ്റ്റ്‌ അടക്കമുള്ള മാലിന്യം ഇതിലൂടെയാണ്‌ സമീപത്തുള്ള ടാങ്കിലേക്ക്‌ ഒഴുക്കി വിടുന്നത്‌. മാൻഹോൾ അടക്കമുള്ളവ കൃത്യമായി പരിപാലിക്കാത്തതിനാൽ ഏഴടി ഉയരമുള്ളതിൽ മൂന്നടിയോളം ചെളി നിറഞ്ഞ്‌ കിടക്കുകയാണ്‌. ഇതിനകത്ത്‌ വായു സഞ്ചാരമില്ലാത്തതും ഭക്ഷ്യ മാലിന്യത്തിൽ നിന്ന്‌ വിഷ വാതകം ഉൽപ്പാദിപ്പിക്കപ്പെട്ടതുമാണ്‌ മരണത്തിലേക്ക്‌ നയിച്ചത്‌.
ചെളിയിൽ പുതഞ്ഞുകിടക്കുന്ന നിലയിലാണ്‌ മൃതദേഹങ്ങളുണ്ടായിരുന്നത്‌. കഷ്ടിച്ച്‌ ഒരാൾക്ക്‌ മാത്രം നിൽക്കാനുള്ള സ്ഥലമാണ്‌ അതിനകത്തുണ്ടായിരുന്നത്‌.  കയർ കെട്ടി വളരെ പണിപ്പെട്ടാണ്‌ ഫയർ ഫോഴ്‌സ്‌ മൃതദേഹങ്ങൾ  പുറത്തെടുത്തത്‌. ഫാസ്റ്റ്‌ ഫുഡ്‌ ഭക്ഷണം വിളമ്പുന്ന കടയിലെ പ്രധാന പാചകക്കാരനായിരുന്നു സുനിൽ കുമാർ. ജിതേഷ്‌ സഹായിയും.  എട്ട്‌ വർഷമായി ഇരുവരും ഇവിടെ  ജോലി ചെയ്യുന്നുണ്ട്‌. 
ചാലക്കുടി അഗ്നിരക്ഷാ നിലയത്തിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി സന്തോഷ്‌കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഹരിലാൽ എന്നിവരുടെ നേതൃത്വത്തിലാണ്‌  രക്ഷാപ്രവർത്തനം നടത്തിയത്‌. എസ്‌ സന്തോഷ്‌കുമാർ,  അതുൽ എന്നിവർ ശ്വസന സഹായ ഉപകരണങ്ങൾ ധരിച്ചാണ്‌ മാൻഹോളിൽ ഇറങ്ങിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top