തൃശൂർ
ജില്ലയിൽ പൊതുമേഖലാ സ്ഥാപനമായ എഫ്എസിടി (ഫാക്ട്) ഉൽപ്പാദിപ്പിക്കുന്ന ഫാക്ടംഫോസ് വളം ലഭ്യമാകുന്നില്ലെന്ന് അസോസിയേഷൻ ഓഫ് ഫെർട്ടിലൈസേഴ്സ് പെസ്റ്റിസൈഡ്സ് ആൻഡ് സീഡ്സ് ഡീലേഴ്സ്.
ജില്ലയിലെ കോൾ മേഖലയിലെ കർഷകർ ഉൽപ്പാദനം വർധിപ്പിക്കാൻ ആദ്യം ഉപയോഗിക്കുന്ന വളമാണിത്. ജില്ലയിൽ ഫാക്ടിന് 1500 ടൺ വരെ സ്റ്റോക്ക് ചെയ്യാവുന്ന ഗോഡൗണുണ്ട്. എന്നാൽ, കുറച്ചുവർഷങ്ങളായി ജില്ലയിൽ ഫാക്ടംഫോസ് വളം സ്റ്റോക്ക് ചെയ്യാത്ത സ്ഥിതിയാണ്. മറ്റുജില്ലകളിലേക്ക് റെയിൽവേ വാഗൺ വഴിയും ലോറി വഴിയും സ്റ്റോക്ക് എത്തിക്കുന്നുണ്ട്. എന്തുകൊണ്ട് വളം എത്തിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥരോട് ചോദിച്ചാൽ ട്രാൻസ്‌പോർട്ടിങ് കോൺട്രാക്ടർ നഷ്ടം കാരണം നിർത്തിപ്പോയി എന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് അസോസിയേഷൻ സെക്രട്ടറി കെ ആർ സദാനന്ദൻ പറഞ്ഞു.
ചില മൊത്ത വ്യാപാരികൾക്ക് ഉദ്യോഗമണ്ഡൽ, അമ്പലമുകൾ എന്നിവിടങ്ങളിലെ ഫാക്ടറി ഗോഡൗണിൽനിന്ന് വളം നേരിട്ട് എടുക്കുന്നതിനാവശ്യമായ സൗകര്യം ചെയ്തുനൽകുന്നുണ്ട്. ഈ സൗകര്യം എഫ്എസിടിയുടെ ഡീലർമാരായ വ്യാപാരികൾക്കും ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. സീസൺ ആരംഭിക്കുന്ന സമയത്ത് വളം ലഭ്യമാക്കിയില്ലെങ്കിൽ കർഷകരെ ഉൾപ്പെടുത്തി എഫ്എസിടിക്കെതിരെ അസോസിയേഷൻ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..