05 November Tuesday
അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി

ഉപജീവനത്തിന്‌ ‘ഉജ്ജീവനം’ നൽകിയത്‌ 99.93 ലക്ഷം രൂപ

അക്ഷിത രാജ്‌Updated: Saturday Oct 26, 2024
തൃശൂർ
കേരളം സമ്പൂർണ ദാരിദ്ര്യമുക്ത സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കിയ അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ നടപ്പിലാക്കിയ "ഉജ്ജീവനം' ഉപജീവന ക്യാമ്പയിൻ വഴി ജില്ലയിൽ രണ്ട്‌ ഘട്ടമായി ചെലവഴിച്ചത്‌ 99.93 ലക്ഷം രൂപ. 
2023 –- -2024 സാമ്പത്തിക വർഷത്തിൽ "ഉജ്ജീവനം' വഴി 108 ഗുണഭോക്താക്കൾക്കായി 38,50,950 രൂപയും രണ്ടാം ഘട്ടമായ "ഉജ്ജീവനം 2.0 : ഉജ്ജീവനം - ഉയരട്ടെ സ്വയം പര്യാപ്ത‌തയിലേക്ക്'   ഭാഗമായി  61,43,000 രൂപയുമാണ്‌  ജില്ലാമിഷൻ ധനസഹായം നൽകിയത്‌. 
ആദ്യഘട്ടത്തിൽ 108 ഗുണഭോക്താക്കൾക്കും രണ്ടാം ഘട്ടത്തിൽ 173 ഗുണഭോക്താക്കൾക്കുമാണ്‌ സഹായമായത്‌. കുടുംബശ്രീ സംഘടിപ്പിച്ച സർവേയിലൂടെ കണ്ടെത്തിയ അതിദരിദ്ര കുടുംബങ്ങളിൽ ഉപജീവനം ആവശ്യമായവർക്ക്‌ സുസ്ഥിര വരുമാന ലഭ്യത ഉറപ്പു വരുത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം. അത്തരം കുടുംബങ്ങൾക്ക് ഉപജീവന പ്രവർത്തനത്തിനായി ധനസഹായം നൽകുന്നതാണ്‌ പദ്ധതി. വ്യക്തിഗത സംരംഭത്തിന് പരമാവധി 50,000 രൂപയും ഗ്രൂപ്പ് സംരംഭത്തിന് പരമാവധി 2,50,000 രൂപയുമാണ് നൽകുന്നത്.
ഉജ്ജീവനം 2.0 ക്യാമ്പയിൻ  2023 നവംബറിലാണ്‌ ആരംഭിച്ചത്‌.  മുഖ്യമന്ത്രിയുടെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി 169 സംരംഭങ്ങൾ ആരംഭിക്കാൻ ലക്ഷ്യമിട്ട പദ്ധതി 173 സംരംഭകർക്ക് ധനസഹായം നൽകുകയും സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള മറ്റുസഹായങ്ങൾ നൽകുകയും ചെയ്‌തു. നൂറുദിന കർമ പരിപാടി 22ന്‌ അവസാനിച്ചു. 173 സംരംഭകർക്കായി 61,43,000 രൂപയാണ്‌ ധനസഹായം നൽകിയത്‌. 
കൂടാതെ ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കായി 50,00,000 രൂപ അടിയന്തര ധനസഹായം നൽകി. അതിദാരിദ്ര്യ നിർമാർജന പദ്ധതിയിൽ ഉൾപ്പെട്ട വ്യക്തികൾക്ക് മുൻകൂട്ടി നിശ്ചയിക്കാൻ കഴിയാത്ത ആവശ്യങ്ങൾക്കുവേണ്ടി ഈ തുക ഉപയോഗിക്കാൻ കഴിയും. മറ്റ് അനന്തരാവകാശികൾ ഇല്ലാതെ മരിക്കുന്ന അതിദരിദ്ര ഗുണഭേക്താക്കൾക്ക് മരണാനന്തര കാര്യങ്ങൾക്ക് സിഡിഎസിന് പരമാവധി 5000 രൂപ വരെ ഉപയോഗിക്കാം. നവംബറിനുള്ളിൽ 90 ശതമാനം ഗുണഭോക്താക്കൾക്കും സഹായമുറപ്പാക്കുകയാണ്‌ കുടുംബശ്രീ ജില്ലാമിഷൻ ലക്ഷ്യമിടുന്നത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top