24 November Sunday
കേരള കാർഷിക സർവകലാശാല

സ്വയംഭരണാവകാശം അട്ടിമറിക്കാനുള്ള 
വിസിയുടെ ഗൂഢനീക്കത്തിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024
തൃശൂർ
 കേരള കാർഷിക സർവകലാശാലയുടെ സ്വയം ഭരണാവകാശം ഹനിക്കുംവിധം   ചട്ടം  ഭേദഗതി വരുത്താനുള്ള  വൈസ് ചാൻസിലറുടെ  നീക്കത്തിൽ അധ്യാപക സംഘടന പ്രതിഷേധിച്ചു. 
 അധ്യാപകരുടെ പ്രൊമോഷന് വേണ്ടി 2015-ൽ സർവകലാശാല അംഗീകരിച്ച് ചാൻസിലറുടെ അംഗീകാരത്തിനായി  ചട്ടം സമർപ്പിച്ചിരുന്നു. ഈ   ചട്ടം  പ്രത്യേക കൗൺസിൽ വഴി ഭേദഗതി ചെയ്യാനാണ്‌   ശ്രമിക്കുന്നത്‌.  ഇത്‌ അധ്യാപകരുടെ സ്ഥാനക്കയറ്റങ്ങളെ ബാധിക്കും. 
  യുജിസി –- ഐസിഎആർ മാനദണ്ഡങ്ങൾക്കനുസരിച്ച് അനുവദനീയമായ മാറ്റങ്ങൾ വരുത്താൻ  സർവകലാശാലക്ക്‌  അധികാരമുണ്ട്‌. ഇത്‌ പ്രകാരം  അക്കാദമിക് കൗൺസിലും ജനറൽ കൗൺസിലും  അംഗീകരിച്ച്  ചട്ടം ചാൻസിലറായ ഗവർണറുടെ അംഗീകാരത്തിനായി   സമർപ്പിച്ചിരുന്നു.   എന്നാൽ    മാറ്റങ്ങൾ വരുത്താതെ യുജിസി –- ഐസിഎആർ പാക്കേജ് അതേപടി  മതി എന്ന ഭേദഗതി കൊണ്ടുവരാനാണ് നീക്കം.  സ്വയം ഭരണാവകാശം  സംരക്ഷിക്കേണ്ട  വിസി തന്നെ അതിനു വിരുദ്ധമായി പ്രവർത്തിക്കുകയാണ്‌. 
 മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ അധ്യാപകർ നടത്തുന്ന വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ, അധ്യാപനത്തിന്റെയും ഗവേഷണത്തിന്റെയും  ഭാഗമായുള്ള വൈവിധ്യമേറിയ പ്രവർത്തനങ്ങൾ ഇവയൊന്നും പ്രൊമോഷന്‌ പരിഗണിക്കാൻ ഭാവിയിൽ കഴിയില്ല. ജനറൽ കൗൺസിൽ പാസാക്കിയ കരട്  ചട്ടം  അനുസരിച്ച്‌  2010 മുതൽ നൽകിയ പ്രൊമോഷനുകളെല്ലാം റദ്ദാക്കേണ്ടിവരും.   അധ്യാപക സേവന വേതന വ്യവസ്ഥകൾ നിർണയിക്കുന്നതിന്   ഭരണസമിതിക്കുള്ള പൂർണ അധികാരം അതേപടി നിലനിർത്താൻ സർവകലാശാലയിലെ എല്ലാ അധ്യാപകരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് കാർഷിക സർവകലാശാല ടീച്ചേഴ്‌സ് ഓർഗനൈസേഷൻ  പ്രസിഡന്റ്‌ ഡോ.  ടി കെ കുഞ്ഞാമു  ജനറൽ സെക്രട്ടറി ഡോ. എ  പ്രേമ  എന്നിവർ അഭ്യർഥിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top