26 December Thursday
പ്രകാശനം നാളെ

കോൾനില സമൃദ്ധി 
വീണ്ടെടുപ്പിനായി ഭൂപടം

സി എ പ്രേമചന്ദ്രൻUpdated: Tuesday Nov 26, 2024

കോൾനില ദൃശ്യം

തൃശൂർ
കോൾനിലങ്ങളിലെ നെൽകൃഷി വീണ്ടെടുപ്പിനായി  പാടശേഖരങ്ങളുടെ ഭൂപടം തയ്യാറായി.  ബ്ലോക്ക് –- പഞ്ചായത്ത് തലത്തിലും പാടശേഖര അടിസ്ഥാനത്തിലും  കോൾനിലങ്ങളുടെ വിശദമായ ചിത്രീകരണമാണിത്.  തൃശൂർ–- പൊന്നാനി മേഖലകളിലായി  13,632 ഹെക്ടറിൽ   272 പാടശേഖരങ്ങളിലായാണ്‌ കോൾ  പരന്ന്‌ കിടക്കുന്നത്‌. ഇതിൽ ഓരോ പാടശേഖരങ്ങളുടെയും അതിർത്തി  ഭൂപടത്തിൽ കാണാം. ജിഐഎസ്  സോഫ്‌റ്റ്‌ വെയർ ഉപയോഗിച്ചാണ്‌   ഭൂപടം തയ്യാറാക്കിയത്‌. കോൾ നിലങ്ങളിലെ കാർഷിക രീതികളും   കർഷകർ നേരിടുന്ന പ്രശ്നങ്ങളും പരിഹാര നിർദേശങ്ങളുമായാണ്‌  ‘കോൾ നിലങ്ങളുടെ അറ്റ്‌ലസ്‌’ എന്ന പുസ്‌തകവും ഭൂപടവും  തയ്യാറാക്കിയത്‌. 
    സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ട്‌ ഉപയോഗിച്ച്‌  കാർഷിക സർവകലാശാല മണ്ണുത്തി കമ്യൂണിക്കേഷൻ  സെന്ററാണ്‌  ഭൂപടം തയ്യാറാക്കിയത്‌.  അസി. പ്രൊഫ. വി ജി സുനിൽകുമാർ നേതൃത്വം നൽകി.     636 പേജുള്ള പുസ്‌തകം രണ്ട്‌ ഭാഗങ്ങളായാണ്‌  പ്രസിദ്ധീകരിച്ചത്‌. ജിഐഎസ്‌ സഹായത്തോടെ  ഓരോ പാടശേഖരത്തിന്റെയും അതിർത്തികളും  കൃഷിയിറക്കുന്ന മേഖലകളും  തരംതിരിച്ചു.  നിരപ്പായ പാടം, ചെരിഞ്ഞ്‌ കിടക്കുന്ന പാടം, ഉപ്പുവെള്ളം കയറാൻ സാധ്യതയുള്ള പ്രദേശം എന്നിങ്ങനെ പഠനം നടത്തി. ഓരോ മേഖലയിലും  അനുയോജ്യമായ വിളകൾ, എത്രസമയത്തിനകം വെള്ളം വറ്റിക്കാം, എത്രസമയം കൊണ്ട്‌ വിളവെടുക്കാം  എന്നിങ്ങനെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്‌. 
     കോൾ നിലങ്ങളിലേക്ക്‌  ചിമ്മിനി ഡാമിൽ   നിന്നുള്ള ജലവിതരണം,  ഷട്ടറുകൾ വഴിയുള്ള ജലക്രമീകരണം, അനുബന്ധ പുഴകൾ, തോടുകൾ, ബണ്ടുകൾ,   കനാൽ സംവിധാനങ്ങൾ, കാർഷിക രീതികൾ, കോൾ നിലങ്ങളിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച്‌   സമഗ്രവിവരങ്ങളുണ്ട്‌. കർഷകർ നേരിടുന്ന 25 പ്രധാന വിഷയങ്ങളും പരിഹാര നിർദേശങ്ങളുമുണ്ട്‌.  കോൾനിലങ്ങളിലെ പക്ഷി –- സസ്യ സമ്പത്തും   പഠനവിഷയമാക്കിയിട്ടുണ്ട്‌.  
    കേരളത്തിലെ  പ്രധാന വിളകൾ,  കൃഷി രീതികൾ, വളപ്രയോഗവും കീട രോഗ നിയന്ത്രണോപാധികളും വിശദീകരിക്കുന്ന  ‘വിള പരിപാലന ശുപാർശകൾ 2024’  പുസ്‌തകവും സർവകലാശാല തയ്യാറാക്കി. 49 പുതിയ ഇനങ്ങളും 150 പുതിയ ശുപാർശകളും  മൂന്നാം പതിപ്പിൽ  ഉൾപ്പെടുത്തിയിട്ടുണ്ട്‌. ബുധനാഴ്‌ച തിരുവനന്തപുരത്ത്‌ മന്ത്രിമാരായ പി പ്രസാദ്,  കെ രാജൻ എന്നിവർ  പുസ്‌തകങ്ങളും ഭൂപടവും  പ്രകാശിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top