മണ്ണുത്തി
ഒളകര ആദിവാസി ഭൂപ്രശ്‌നത്തിന് ശാശ്വത പരിഹാരമാവുന്നു. ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസിന്റെ വിധിക്കു വിധേയമായി ഒളകര നിവാസികൾക്ക് ഒന്നരയേക്കർ ഭൂമി വീതം വിതരണം ചെയ്യാൻ സ്‌റ്റേറ്റ് ലെവൽ മോണിറ്ററിങ് കമ്മിറ്റി (എസ്എൽഎംസി) തീരുമാനിച്ചതായി മന്ത്രി കെ രാജൻ അറിയിച്ചു.
ഒളകരക്കാരുടെ അവകാശപ്പോരാട്ടത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഭൂപ്രശ്‌നം പരിഹരിക്കാൻ 2016 മുതൽ എൽഡിഎഫ് സർക്കാരിന്റെ നിരന്തര ഇടപെടലുകളുണ്ടായി. ഇപ്പോഴത്തെ സർക്കാർ അധികാരത്തിലേറിയതോടെ നടപടി വേഗത്തിലാക്കി.
ജില്ലാ ഭരണകേന്ദ്രവും റവന്യു, സർവേ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് വനം വകുപ്പ് അധികൃതരുടെ സാന്നിധ്യത്തിൽ ഭൂമി അളന്ന് റിപ്പോർട്ട് തയ്യാറാക്കി. ഇത് ഊരുകൂട്ടവും എസ്ഡിഎൽസിയും ഡിഎൽസിയും പരിശോധിച്ച ശേഷം സമർപ്പിച്ച റിപ്പോർട്ട് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന എസ്എൽഎംസി അംഗീകരിച്ചു.
ആദിവാസികൾക്ക് ഭൂമിയുടെ അവകാശം നൽകുന്നതിനെതിരെ വൺ എർത്ത് വൺ ലൈൻ എന്ന സംഘടനയുടെ കേസ് ഹൈക്കോടതിയിൽ നിലവിലുണ്ട്. ഈ കേസിന്റെ വിധിക്കു വിധേയമായി പട്ടയം നൽകുന്നതിനാണ് തീരുമാനം. എസ്എൽഎംസി യോഗത്തിന്റെ നടപടിക്രമങ്ങളടങ്ങിയ സത്യവാങ്മൂലം കോടതിയിൽ നൽകും.
ഒളകരയിൽ നേരിട്ട് മന്ത്രിയെത്തി ഊരു മൂപ്പത്തി മാധവി ഉൾപ്പെടെയുള്ള ഉന്നതി നിവാസികളെ ഇക്കാര്യം അറിയിച്ചു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം കെ വി സജു, പഞ്ചായത്തംഗം സുബൈദ അബൂബക്കർ, തഹസിൽദാർ ടി വി ജയശ്രീ, ഭൂരേഖ തഹസിൽദാർ നിഷ എം ദാസ്, വൈൽഡ് ലൈഫ് വാർഡൻ അനിൽ, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എൻജിനിയർ ഹരീഷ്, ട്രൈബൽ എക്‌സ്റ്റൻഷൻ ഓഫീസർ സവിത എന്നിവരും ഒപ്പമുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..