നാട്ടിക
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തോടനുബന്ധിച്ചുള്ള ദശമി വിളക്ക് ആഘോഷിച്ചു. നിരവധി വിശ്വാസികളാണ് ക്ഷേത്രത്തിലേക്കെത്തിയത്. രാവിലെ 9ന് പ്രശസ്ത സംഗീതജ്ഞർ പങ്കെടുത്ത പഞ്ചരത്‌ന കീർത്തനാലാപനം നടന്നു. പകൽ മൂന്നിന് ശാസ്താവിനെ പുറത്തേക്കെഴുന്നള്ളിച്ചു. തിരുവമ്പാടി ചന്ദ്രശേഖരൻ കോലം വഹിച്ചു. പാക്കത്ത് ശ്രീകുട്ടൻ, മച്ചാട് അയ്യപ്പൻ എന്നീ ആനകൾ ഇടതും വലതും കൂട്ടായി. പരക്കാട് തങ്കപ്പൻ മാരാർ പഞ്ചവാദ്യം നയിച്ചു. 4.30ന് ഭരതനാട്യ കച്ചേരിയും 6ന് ഭക്തിഗാനലയം, ദീപാരാധന, കിഴക്കേ നടപ്പുരയിൽ സ്പെഷ്യൽ നാഗസ്വരം എന്നിവ നടന്നു. 8 ന് നൃത്താവിഷ്‌കാരം രാം സേതു, 10ന് ദശമി വിളക്കെഴുന്നള്ളിപ്പ് എന്നിവ നടന്നു. അഞ്ച് ആനകളുടെ അകമ്പടിയോടെയാണ് എഴുന്നള്ളിയത്. തൃപ്രയാർ അനിയൻ മാരാർ മേളം നയിച്ചു. ഏകാദശി ദിവസമായ ചൊവ്വാഴ്ച രാവിലെ 8ന് 21 ആനകളെ അണിനിരത്തി ശീവേലി എഴുന്നള്ളിപ്പ് നടക്കും. പതിനായിരം പേർക്ക് പ്രസാദ ഊട്ട് ഉണ്ടാകും. ഗോതമ്പ് ചോറ് ,രസ കാളൻ, പുഴുക്ക്, അച്ചാർ,പായസം തുടങ്ങിയ വിഭവങ്ങളോടെയുള്ള ഊട്ട് രാവിലെ 9.30മുതൽ 3വരെ ഉണ്ടാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..