26 December Thursday

വികസനത്തിനാണ്‌ പ്രാധാന്യം: യു ആർ പ്രദീപ്‌

സ്വന്തം ലേഖകൻUpdated: Tuesday Nov 26, 2024

ചേലക്കര നിയുക്ത എംഎൽഎ 
യു ആർ പ്രദീപ്‌ തൃശൂർ 
പ്രസ്സ്‌ക്ലബ്ബിൽ നടത്തിയ മുഖാമുഖം പരിപാടിയിൽനിന്ന്‌

തൃശൂർ
ചേലക്കരയുടെ വികസന പ്രവർത്തനങ്ങൾക്കാണ്‌ പ്രാധാന്യം നൽകുന്നതെന്ന്‌ നിയുക്ത എംഎൽഎ യു ആർ പ്രദീപ്‌. കെ രാധാകൃഷ്ണൻ തുടങ്ങിവച്ച വികസന പദ്ധതികൾ പൂർത്തീകരിക്കണം. വിദ്യാഭ്യാസ മേഖലയ്‌ക്കാണ്‌ മുഖ്യ പരിഗണന. ഒരുപാടുപേർ  ഉന്നത വിദ്യാഭ്യാസത്തിന്‌ തയ്യാറെടുക്കാൻ കോച്ചിങ്ങിന് പല സ്ഥലങ്ങളിലേക്കും പോകുന്നുണ്ട്‌. രക്ഷിതാക്കളെ വിട്ട്‌ നിൽക്കാൻ പറ്റാത്തതിനാൽ പലർക്കും അവസരം നഷ്ടമാകുന്നുണ്ട്‌. അവർക്കെല്ലാം ഉപകാരപ്രദമാകുന്ന രീതിയിൽ ചേലക്കരയിൽ ഒരു സംവിധാനം ഒരുക്കാൻ കഴിയുമോയെന്ന്‌ പരിശോധിക്കും. തൃശൂർ പ്രസ്‌ ക്ലബ്ബിൽ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  
2016–-ൽ എംഎൽഎയായപ്പോൾ എൽഡിഎഫ്‌ സർക്കാർ കിഫ്‌ബിയിലൂടെ ചേലക്കരയിലും ഒരുപാട്‌ കാര്യങ്ങൾ നടത്തി. ഇനി മുന്നിൽ ഒന്നര വർഷമെന്ന ചെറിയ കാലയളവാണുള്ളത്‌. അതിനിടയിൽ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചാൽ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സമയം കുറയും. ഇതിനകത്തുനിന്ന്‌ പരമാവധി കാര്യങ്ങൾ ചെയ്യും. കാർഷിക മണ്ഡലമാണ്‌ ചേലക്കര. വന്യമൃഗ ശല്യം രൂക്ഷമാണ്‌. ഭാരതപ്പുഴയിലടക്കം പന്നികൾ പെറ്റുപെരുകുകയാണ്‌. വിഷയത്തിൽ സംസ്ഥാന സർക്കാരിന്‌ മാത്രമായി ഒന്നും ചെയ്യാനാകില്ല. കേന്ദ്രത്തിന്റെ നിയമപരമായ സഹായം ഉണ്ടാകണം. 
കേന്ദ്ര സർക്കാരിന്റെ പുതിയ വിജ്ഞാപനം തൃശൂർ പൂരം അടക്കം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്‌. അന്തിമഹാകാളൻ കാവ്‌ അടക്കമുള്ള പൂരവെടിക്കെട്ട്‌, ആന എഴുന്നള്ളിപ്പ്‌ എന്നിവയെല്ലാം നല്ല നിലയിൽ നടക്കണം. പ്രസ്‌ക്ലബ്‌ പ്രസിഡന്റ്‌ എം ബി ബാബു അധ്യക്ഷനായി. സെക്രട്ടറി രഞ്ജിത്ത്‌ ബാലൻ, ട്രഷറർ ടി എസ്‌ നീലാംബരൻ എന്നിവർ സംസാരിച്ചു.
 
പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു
തെരഞ്ഞെടുപ്പ്‌ ജനാധിപത്യ രീതിയിലാക്കണം എന്നാണ്‌ ആഗ്രഹിക്കുന്നത്‌. അധികാരം പിടിച്ചെടുക്കാൻ തെറ്റായ വഴികൾ ഉപയോഗിക്കുന്നത്‌ മറ്റു സംസ്ഥാനങ്ങളിൽ കണ്ടിട്ടുണ്ട്‌. കേരളത്തിൽ അങ്ങനെയില്ല. എന്നാൽ ചില നോട്ടീസുകളെല്ലാം കണ്ടിരുന്നു. അത് ആര്‌ ഇറക്കിയതാണെന്ന്‌ അറിയില്ല. എന്നാൽ  അതിലെ ഭാഷ   യുഡിഎഫുകാർ കൈകാര്യം ചെയ്യുന്ന തരത്തിലുള്ളതാണ്‌.  പണം നൽകിയും വർഗീയത പറഞ്ഞും വോട്ടുപിടിക്കാൻ  ചില ശ്രമങ്ങളുണ്ടായി. 
പണം നൽകിയ കാര്യം വോട്ടർമാർ നേരിട്ട്‌ വന്ന്‌ പറഞ്ഞിരുന്നു. ആരാണ്‌ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചതെന്ന്‌ ഇപ്പോൾ പറയുന്നില്ല. സംഭവത്തിന്റെ തെളിവുകൾ ശേഖരിക്കുന്നുണ്ട്‌. അതിനുശേഷം പറയാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top