05 November Tuesday

കെപിസിസിക്ക് പുല്ലുവില കൽപ്പിച്ച് എ ഗ്രൂപ്പ്

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

 

തൃശൂർ 
കെപിസിസി നടപടിക്ക് പുല്ലുവില, പാർടിയിൽ നിന്ന് പുറത്താക്കിയ നേതാവ് സംസ്ഥാന യുഡിഎഫ് കൺവീനർക്കൊപ്പം വേദിയിൽ. കെ മുരളീധരന്റെ തൃശൂരിലെ തോൽവിയെത്തുടർന്ന് ഡിസിസി ഓഫീസിൽ  തമ്മിലടി നടന്നിരുന്നു. സംഭവത്തിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ എ ഗ്രൂപ്പ് നേതാവ് എം എൽ ബേബിയേയാണ് യുഡിഎഫ് കൺവീനർ എം എം ഹസനൊപ്പം പരിപാടിയിൽ പങ്കെടുപ്പിച്ചത്.
 പാർടി നേതൃത്വത്തിനെതിരായ എ ഗ്രൂപ്പ് വെല്ലുവിളിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഐ ഗ്രൂപ്പ് കെപിസിസിക്ക് പരാതി നൽകി.  
ജനശ്രീ മിഷൻ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ ചടങ്ങിൽ സ്റ്റേജിൽ വിശിഷ്ടാതിഥികൾക്കൊപ്പമാണ് ഡിസിസി സെക്രട്ടറിയായിരുന്ന എം എൽ ബേബിയെ പങ്കെടുപ്പിച്ചത്. പാർടി നടപടിയെടുത്ത് ദിവസങ്ങൾക്കകമാണ്‌ ജില്ലാ പരിപാടിയിൽ പങ്കെടുപ്പിച്ചത്. നടത്തറയിൽ മറ്റു പരിപാടികളിലും സംസാരിച്ചു. ഇതിനെതിരെയാണ്  ഐ ഗ്രൂപ്പ് രംഗത്ത് എത്തിയത്.
ബിജെപിക്ക് വോട്ട് മറിച്ച് കെ  മുരളീധരനെ തോൽപ്പിക്കാൻ കോൺഗ്രസിലെ ഒരു വിഭാഗം പ്രവർത്തിച്ചതായി ആക്ഷേപമുയർന്നിരുന്നു. ഇതേത്തുടർന്നാണ് ഡിസിസി ഓഫീസിൽ തമ്മിലടി നടന്നത്. സംഭവത്തെ തുടർന്ന് ഡിസിസി പ്രസിഡന്റ്‌  ജോസ് വള്ളൂരിനെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. തോൽവിയെക്കുറിച്ച് കെപിസിസി നിയോഗിച്ച അന്വേഷണ കമീഷൻ റിപ്പോർട്ട് സമർപ്പിക്കാനിരിക്കയാണ്. കെപിസിസി വർക്കിങ് പ്രസിഡന്റ്‌  ടി എൻ പ്രതാപൻ, സിസിസി പ്രസിഡന്റ്‌  ജോസ് വള്ളൂർ, യുഡിഎഫ് ചെയർമാൻ എം പി വിൻസന്റ്‌  എന്നിവർക്കെതിരെ നടപടി വേണമെന്ന നിലപാടിൽ കെ മുരളീധരൻ ഉറച്ചു നിൽക്കുകയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top