23 December Monday
പൈതൃകച്ചേലിൽ, മികവിൻ കേന്ദ്രമായ്‌ കേരളവർമ

നിർമാണ പുരോഗതി വിലയിരുത്തി മന്ത്രി

സ്വന്തം ലേഖകൻUpdated: Saturday Jul 27, 2024

നിര്‍മാണ പുരോ​ഗമിക്കുന്ന പിജി ബ്ലോക്ക് മന്ത്രി ആർ ബിന്ദു സന്ദര്‍ശിക്കുന്നു

തൃശൂർ
പൈതൃക  കോളേജ് പദ്ധതിയിൽ ഉൾപ്പെടുത്തി  കിഫ്ബി ധനസഹായത്തോടെ    ശ്രീ കേരളവർമ കോളേജിൽ 30 കോടിയുടെ വികസനപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.  നിർമാണ പ്രവർത്തനങ്ങൾ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി  ആർ ബിന്ദു  നേരിട്ട് വിലയിരുത്തി. 
പൈതൃക കോളേജ് പദ്ധതിയുടെ ഭാഗമായി   മികവിന്റെ കേന്ദ്രങ്ങളായി വികസിപ്പിക്കുന്ന സംസ്ഥാനത്തെ അഞ്ച്‌ കോളേജുകളിൽ ഒന്നാണ്‌  കേരളവർമ കോളേജ്‌.  പി ജി ബ്ലോക്ക്, യുജി ബ്ലോക്ക്, സ്പോർട്‌സ്‌ കോംപ്ലക്സ് തുടങ്ങിയവ നിർമിക്കാനായി  18.9 കോടി രൂപയാണ്‌  വകയിരുത്തിയത്‌.  ക്ലാസ് റൂമുകളും ലബോറട്ടറികളും  ലൈബ്രറിയും  ഡിജിറ്റലൈസ്  ചെയ്ത്‌ ആധുനികവൽക്കരിക്കുന്നതിന്‌  ആറ്‌ കോടി രൂപയും, രണ്ട്‌ അന്തർ വൈജ്ഞാനിക ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന്‌ 5.1 കോടി രൂപയും  വകയിരുത്തി. ആദ്യഘട്ട വികസന പ്രവർത്തനങ്ങൾക്കായി കിഫ്ബി 14.323 കോടി രൂപ  അനുവദിച്ചു.   പി ജി ബ്ലോക്ക് നിർമാണ പ്രവർത്തനങ്ങൾ  പൂർത്തീകരിച്ചു വരികയാണ്‌. കിറ്റ്‌കോയ്‌ക്കാണ്‌ നിർമാണച്ചുമതല. 
നിർമാണ പുരോഗതി  വിലയിരുത്തിയ ശേഷം  മന്ത്രി ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ   അവലോകന യോഗം ചേർന്നു.  കോളേജ് പ്രിൻസിപ്പൽ  ഇൻ ചാർജ്‌   ഡോ. കെ ജയനിഷ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം കെ  സുദർശൻ  തുടങ്ങിയവർ പങ്കെടുത്തു. നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച്‌ രണ്ടു മാസത്തിനുള്ളിൽ കെട്ടിടം കൈമാറാൻ സാധിക്കുമെന്ന്‌    കിറ്റ്കോ പ്രതിനിധികൾ യോഗത്തിൽ  അറിയിച്ചു. 
നിർമാണ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ  മന്ത്രി  നിർദേശം നൽകി.  അടുത്ത ഘട്ട  വികസന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്  നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top