ചാവക്കാട്
അനധികൃതമായി ചെറുമീനുകളെ പിടിച്ച മീൻ പിടിത്തവള്ളങ്ങൾ പിടികൂടി ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ. പിടിച്ചെടുത്ത വള്ളങ്ങള്‍ക്ക് പിഴ ചുമത്തി. ജില്ലയിലെ വിവിധ ഹാർബറുകളിലും ഫിഷ് ലാന്‍ഡിങ് സെന്ററുകളിലും നടത്തിയ മിന്നൽ പരിശോധനയിലാണ് വള്ളങ്ങൾ പിടിച്ചെടുത്തത്.
കഴിമ്പ്രം സ്വദേശി നെടിയിരിപ്പിൽ രാജുവിന്റെ ഉടമസ്ഥതയിലുള്ള പ്രജാപതി, ചാവക്കാട് എടക്കഴിയൂർ സ്വദേശി കൊളപ്പറമ്പിൽ വീട്ടിൽ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള മദീന എന്നീ വള്ളങ്ങളാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് പിഴയീടാക്കിയത്. മത്സ്യസമ്പത്ത് കുറയുന്നതിന്റെ ഭാഗമായാണ് നടപടി. പിടിച്ചെടുത്തവള്ളങ്ങളിലെ ചെറുമത്സ്യങ്ങളെ പുറംകടലിൽ ഒഴുക്കി കളഞ്ഞു.
അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ എം എഫ് പോളിന്റെ നേതൃത്വത്തിൽ അഴീക്കോട് ഫിഷറീസ്, മറൈൻ എൻഫോഴ്സ്മെന്റ് ആന്‍ഡ് വിജിലൻസ് വിങ് എന്നിവരുടെ സംയുക്ത പട്രോളിങ്ങിലാണ് വള്ളങ്ങൾ പിടിച്ചെടുത്തത്. എഫ്ഇഒ കെ എ ശ്രുതിമോൾ, മറൈൻ എൻഫോഴ്സ് ആന്‍ഡ് വിജിലൻസ് വിങ് ഓഫീസർമാരായ വി എൻ പ്രശാന്ത് കുമാർ, ഇ ആർ ഷിനിൽകുമാർ, വി എം ഷൈബു, സീ റെസ്ക്യൂ ഗാർഡുമാരായ പി ഹുസൈൻ, കെ പി വിജീഷ്, ഡ്രൈവർ കെ എം അഷറഫ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..