23 December Monday
4 കമ്പനികൾ കൂടി തുറന്നു

പുഴയ്‌ക്കലിൽ സജീവമായി വ്യവസായ പാർക്ക്‌

സ്വന്തം ലേഖകൻUpdated: Tuesday Aug 27, 2024

പുഴയക്കൽ വ്യവസായ പാർക്കിൽ പുതിയസംരംഭം തുടങ്ങിയവർ ജില്ലാ വ്യവസായ കേന്ദ്രം മാനേജർ എസ്‌ ഷീബ, 
മറ്റ്‌ ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം

തൃശൂർ 
ഇത്‌ മുഹമ്മദ്‌ യാസിർ, 21–-ാം വയസിൽ വ്യവസായ സംരംഭത്തിന്‌ തുടക്കം, 21 പേർക്ക്‌ തൊഴിലവസരം. പുഴയ്‌ക്കൽ വ്യവസായ പാർക്കിൽ തന്റെ ടെക്‌സേ ഫാബ്രിക്‌ പ്രിന്റിങ് കമ്പനി ഉദ്‌ഘാടനം ചെയ്‌തപ്പോൾ ഈ യുവാവിന്‌  നിറഞ്ഞ സംതൃപ്‌തി. നെവിൻ നെലൊയുടെ എക്‌സർ ഗ്ലോബൽ  ഇലക്‌ട്രിക്കൽ, കെ ഡി ഷാജിയും  ജിജോ ജേക്കബും പങ്കാളികളായ ജാസ്‌ പ്ലാസ്‌റ്റ്‌, ടി പി ജോണിന്റെ  ഇമാക്‌ ഇലക്‌ട്രിക്കൽ ഉൾപ്പടെ നാല്‌ കമ്പനികൾ കൂടി തിങ്കളാഴ്‌ച തുറന്നതോടെ  വ്യവസായ പാർക്ക്‌ സജീവമാവുകയാണ്‌. രണ്ടാംഘട്ട കെട്ടിടത്തിൽ കൂടുതൽ കമ്പനികൾ വരും.  
‘‘വ്യവസായ വകുപ്പിൽ നിന്ന്‌ നല്ല പിന്തുണ ലഭിച്ചു. നഗരമധ്യത്തിൽ ചതുരശ്രയടിക്ക്‌ പത്തുരൂപക്ക്‌ മികച്ച സൗകര്യങ്ങളോടെ കെട്ടിടം. ഉപയോക്താക്കൾക്ക്‌ എത്താനും ചരക്ക്‌ കയറ്റിയയക്കാനും വലിയ സൗകര്യമാണ്’’–- മുഹമ്മദ്‌ യാസിർ പറഞ്ഞു. പെരിങ്ങോട്ടുകര കീഴുപ്പിള്ളിക്കര പുതിയ വീട്ടിൽ  യാസിർ  ഇലക്‌ട്രിക്കൽ  ഡിപ്ലോമ നേടി സംരംഭത്തിലേക്ക്‌ തിരിയുകയായിരുന്നു. പാർക്ക്‌ വലിയ പ്രതീക്ഷയാണെന്ന്‌  മറ്റു സംരംഭകരും പറഞ്ഞു.  എല്ലാവിധ പിന്തുണയും നൽകുമെന്ന്‌  ജില്ലാ വ്യവസായ കേന്ദ്രം  ജനറൽ മാനേജർ എസ്‌ ഷീബ പറഞ്ഞു. പുഴയ്‌ക്കലിൽ  11.41 ഏക്കറിൽ അഞ്ചുഘട്ടങ്ങളിലായി വ്യവസായ സമുച്ഛയം നിർമിച്ച്‌ നൽകാനാണ്‌ സർക്കാർ പദ്ധതി. മലിനീകരണം കുറവുള്ള  ഗ്രീൻ–- വൈറ്റ്‌   സംരംഭങ്ങൾക്കാണ്‌ അനുമതി. പാർക്കിന്റെ  ഒന്നാംഘട്ടം 19.64 കോടി രൂപ ചെലവിൽ ഒരു ലക്ഷം ചതുരശ്രയടിയിൽ മൂന്നുനില കെട്ടിടമാണ്‌ നിർമിച്ചത്‌. രണ്ടാംഘട്ടത്തിൽ 23.33 കോടി രൂപ ചെലവിൽ 1,29,000 ചതുരശ്രയടിയിൽ ഇരുനില കെട്ടിടം നിർമിച്ചു. പ്രളയാനുഭവത്തിൽ തറ ഉയർത്തിയാണ്‌ നിർമാണം. പാർക്കിൽ 200 കോടി രൂപയുടെ നിക്ഷേപവും 2000 പേർക്ക്‌ തൊഴിലവസരവുമാണ്‌ പ്രതീക്ഷിക്കുന്നത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top