23 November Saturday
സുഗമമാകും ഗതാഗതം

ഇനി അപകടമില്ലാത്ത തൃശൂർ

സ്വന്തം ലേഖകൻUpdated: Tuesday Aug 27, 2024

എം ഒ റോഡ്

തൃശൂർ
കാൽനട യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി  തൃശൂർ നഗരം മാറും. അപകടരഹിത സഞ്ചാരമെന്ന ആശയത്തിലൂന്നി പദ്ധതി നടപ്പാക്കുകയാണ്‌ കോർപറേഷൻ. റോഡ്‌ ഗതാഗതം സുഗമമാക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഒരുക്കും. സ്വരാജ്‌ റൗണ്ടിലേക്ക്‌ വരുന്ന മുഴുവൻ റോഡുകളും നവീകരിക്കും. എല്ലായിടത്തും തെരുവ്‌ വിളക്കുകൾ സ്ഥാപിക്കും. 
തെരുവ്‌ കച്ചവടം നിരോധിക്കും. സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നടപ്പാതയിലെ ബാരിക്കേഡിൽ പൂച്ചെടികൾ പിടിപ്പിക്കും. സ്വരാജ്‌ റൗണ്ടിൽ ബൊഗൈൻവില്ലകൾ വയ്ക്കാൻ തുടങ്ങി. കോർപറേഷന്‌ സാമ്പത്തിക ചെലവില്ലാതെ സംഘടനകൾ, കമ്പനികൾ എന്നിവയുടെ സഹായത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ബാരിക്കേഡിൽ ഇവർക്ക്‌ പരസ്യം സ്ഥാപിക്കാം. സംരക്ഷണച്ചുമതലയും ഇവർക്കാണ്‌. ആദ്യ ഘട്ടത്തിൽ എംഒ റോഡിനെ മാതൃകാറോഡാക്കും. 
ഇവിടെ വിന്റർഫീൽ ഗാർമെന്റ്‌സ്‌ കമ്പനിയാണ്‌ പ്രവർത്തനം നടത്തുന്നത്‌.  സ്വരാജ്‌ റൗണ്ടിൽ നിന്ന്‌ കോർപറേഷനിലേക്ക്‌ ഇറങ്ങുന്നയിടം മുതൽ ശക്തൻ തമ്പുരാൻ പ്രതിമയുള്ള സ്‌ക്വയർ വരെയാണ്‌ ആദ്യ മാതൃകാ റോഡ്‌. ഇരുവശത്തെ നടപ്പാതയിൽ ടൈൽസ്‌ പാകും. വിശ്രമിക്കാനായി നടപ്പാതയിൽ ഇരിപ്പിടങ്ങളും ഒരുക്കും.  
യാത്രക്കാർ റോഡിലിറങ്ങി നടക്കുന്നതും നിർദിഷ്ട സ്ഥലങ്ങളിലല്ലാതെ മുറിച്ച്‌ കടക്കുന്നതും തടയാനായി നടപ്പാതയെ ബാരിക്കേഡ്‌ വച്ച്‌ തിരിക്കും. ആകാശപാതയിൽ നിന്ന്‌ ഇക്കണ്ടവാര്യർ, വെളിയന്നൂർ റോഡുകളിലേക്കും ബാരിക്കേഡ്‌ നീട്ടും. 
ശക്തനിലെത്തുന്ന ആളുകൾക്ക്‌ ആകാശപ്പാത ഉപയോഗിക്കാതെ റോഡ്‌ മുറിച്ച്‌ കടക്കാൻ കഴിയില്ല.  വാഹന ഗതാഗതം സുഗമമാക്കാൻ റോഡിന്‌ നടുവിൽ ഡിവൈഡർ സ്ഥാപിക്കും. തിരക്കുള്ള ഇടങ്ങളിൽ വാഹനങ്ങൾ യുടേൺ എടുക്കുന്നതിലൂടെ  ഉണ്ടാകുന്ന അപകടങ്ങൾ ഇതിലൂടെ നിയന്ത്രിക്കാനാകും. എംഒ റോഡിൽ നിന്ന്‌ ശക്തൻ സ്‌റ്റാൻഡിലേക്ക്‌ കയറാൻ വരുന്ന ബസുകൾ അപകടകരമായി തിരിയുന്നത്‌ ഒഴിവാക്കാനായി ശക്തൻ പ്രതിമ ചുറ്റിവരുന്ന രീതിയിൽ ക്രമീകരിക്കും. അടുത്ത ഘട്ടത്തിൽ ദേവസ്വവുമായി ആലോചിച്ച്‌ തേക്കിൻകാട്‌ മൈതാനത്തോട്‌ ചേർന്നുള്ള നടപ്പാതയും ബാരിക്കേഡ്‌ വച്ച്‌ തിരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top