വാടാനപ്പള്ളി
ദേശീയപാത 66 തൃത്തല്ലൂരിൽ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. നിരവധി പേർക്ക് പരിക്ക്. ലോറി ഡ്രൈവർ തമിഴ്‌നാട് ഈറോഡ് സ്വദേശി അരുൺ(35)ആണ് മരിച്ചത്. ചൊവ്വ പകൽ ഒന്നരയോടെയാണ് അപകടം. കൊടുങ്ങല്ലൂരിൽനിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെ ട്ടത്.
ബസ് സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കി വിട്ട ശേഷം മുന്നോട്ടെടുക്കവെ എതിർദിശയിൽ നിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നു. ലോറി വരുന്നതു കണ്ട് ബസ് ഡ്രൈവർ ബസ് ഇടത്തോട്ട് വെട്ടിച്ചതിനാൽ വൻ അപകടം ഒഴിവായി. ചാവക്കാട് നിന്ന് തൃപ്രയാറിലേക്ക് വരികയായിരുന്നു ലോറി. അപകടത്തെത്തുടർന്ന് ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ എറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ബസ് യാത്രക്കാരായ അഷ്‌ന, ജസിയ, സത്യവ്രതൻ, നിധിൻരാജ്, ഷരീഫ, ലതിക, സുദർശൻ, ഐഷ, സുനിൽ, ഹരിദാസൻ, ലീലാഞ്ജന, ഫസിയ, എ. ഷെറീഫ, സോമസുന്ദരൻ, നിവേദ്യ, സജിനി, പി കെ വിഷ്ണു, അൻസാർ, അപർണ, ഇർഫാന, നന്ദഗോപാൽ, നിഖിൽ ഉൾപ്പെടെ 31 പേർക്കാണ് പരിക്കേറ്റത്.
സാരമായി പരിക്കേറ്റ അഞ്ച് പേരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവർ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. രക്ഷാപ്രവർത്തനത്തിനിടെ സഹചാരി ആംബുലൻസ് ഡ്രൈവർക്കും നിസ്സാര പരിക്കേറ്റു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..