23 December Monday

പൂക്കളം നിറയും ‘നിറപ്പൊലിമ'യിൽ; 
സദ്യയുണ്ണാം ‘ഓണക്കനി'യിൽ

അക്ഷിത രാജ്‌Updated: Tuesday Aug 27, 2024

കുടുംബശ്രീയുടെ ഓണപ്പൂക്കൃഷി

തൃശൂർ
ഓണവരവറിയിച്ച്‌ പാടം നിറയെ പൂക്കളാണ്‌. മല്ലിയും ജമന്തിയും വാടാമല്ലിയും തുടങ്ങി ഓണത്തിന്‌ പൂക്കളം നിറയ്‌ക്കാൻ ഓരോന്നായി വിളഞ്ഞ്‌ നിൽപ്പുണ്ട്‌. വിപണിയിൽ മറുനാടൻ പൂക്കൾക്കിടയിൽ നാട്ടിൽ വിളഞ്ഞ "നാടൻപൂക്കൾ' ക്കാവും ഇത്തവണ സുഗന്ധം കൂടുതൽ. ഓണവിപണിയിൽ പൂക്കളെത്തിക്കുന്നതിനായി കുടുംബശ്രീ ആരംഭിച്ച "നിറപ്പൊലിമ'യും വിഷരഹിത പച്ചക്കറികൾക്കായി "ഓണക്കനി'യുമാണ് വിളവെടുപ്പിന്‌ തയ്യാറെടുക്കുന്നത്‌.  വിഷരഹിത പച്ചക്കറികളും ചെണ്ടുമല്ലിയും ജമന്തിയുംകൊണ്ട്‌ നിറഞ്ഞ് കളറാക്കാൻ ഒരുങ്ങുകയാണ്‌ ഇത്തവണത്തെ ഓണം. പൂക്കളും പച്ചക്കറികളും കുടുംബശ്രീ ചന്തകളിലും ഓണത്തോടനുബന്ധിച്ചുള്ള പ്രാദേശിക വിപണികൾ വഴിയുമാണ്‌ വിൽക്കുക.  
വിഷരഹിത പച്ചക്കറികളൊരുക്കാൻ ജില്ലയിലെ 16 ബ്ലോക്കുകളിലായി 2389 ജെഎൽജി ഗ്രൂപ്പുകൾ 2333.03 ഏക്കറിലാണ്‌ പച്ചക്കറി കൃഷി ചെയ്യുന്നത്‌. 212.8 ഏക്കറിൽ 156 ജെഎൽജികൾ പൂക്കൃഷിയുമാണ്‌ നടത്തുന്നത്‌. കൃഷിസ്ഥലങ്ങളിൽ നേരിട്ട് പൂവ് വിപണനം നടത്തും. കുടുംബശ്രീയിലെ കർഷക വനിതകൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന പദ്ധതിയിൽ ജമന്തി,  ചെണ്ടുമല്ലി എന്നിവയാണ്‌ പ്രധാനമായും കൃഷി ചെയ്യുന്നത്‌. കൃഷിവകുപ്പിന്റെ സാങ്കേതിക സഹായവും വിപണനമാർഗങ്ങളും സജ്ജമാക്കും. വിഷരഹിത പച്ചക്കറികളും പഴങ്ങളും ലഭ്യമാക്കുന്നതിന് പയർ, പാവൽ, വെണ്ട, പടവലം, നേന്ത്രക്കായ, ചീര, ചേന, തക്കാളി, വഴുതന, മുരിങ്ങ, മുളക് എന്നിവയാണ്‌ കൃഷി ചെയ്യുന്നത്‌. 
 16 ബ്ലോക്കുകളിലായി 8974  ജെഎൽജി ഗ്രൂപ്പുകളിലായി 35,896 അംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top