സി എ പ്രേമചന്ദ്രൻ
തൃശൂർ
ചിമ്മിനി ഡാം കണ്ടിട്ടുണ്ടാവാം. അതിനപ്പുറം വന്യസൗന്ദര്യവും ആസ്വദിച്ച് ട്രക്കിങ്ങിന് അവസരം. വനാന്തരത്തിനുള്ളിലെ ചൂരതള വെള്ളച്ചാട്ടവും കാണാം. ഡിടിപിസി നേതൃത്വത്തിൽ ജില്ലയിൽ പുതുക്കാട്, വടക്കാഞ്ചേരി, ഗുരുവായൂർ എന്നീ ടൂറിസം സർക്യൂട്ടുകൾ ഒരുങ്ങുകയായി. വെള്ളിയാഴ്‌ച പുതുക്കാട് വൈൽഡ് സർക്യൂട്ടിന് തുടക്കമാവും.
സർക്യൂട്ടിൽ ഉൾപ്പെട്ട റെയിൻവാക്ക് പാക്കേജിൽ ചിമ്മിനി വനത്തിനുള്ളിലൂടെയുള്ള ചൂരതള ട്രക്കിങ് പ്രധാനമാണ്. ചൂരതളയിലെ വെള്ളച്ചാട്ടം ദൃശ്യവിരുന്നാണ്. വലിയ പാറക്കെട്ടിൽ നിന്നാണ് വെള്ളച്ചാട്ടം. ഈ പാറയുടെ അടിഭാഗത്തേക്കും യാത്രികർക്ക് എത്താം. മുകളിൽനിന്നുള്ള വെള്ളം കൺമുന്നിൽ പതിക്കുമ്പോൾ അപൂർവ അനുഭവമായ് മാറും. -ചൂരതള ട്രക്കിങ്ങിന് ഒരാൾക്ക് 1840 രൂപയാണ്‌ചാർജ്. സംഘമായി നിശ്‌ചിത ദിവസം ബുക്ക് ചെയ്യാം.
പുതുക്കാട് വൈൽഡ് സർക്യൂട്ടിൽ ചിമ്മിനി ഡാമിലെ പുതിയ ഇക്കോ ടൂറിസം പദ്ധതിയും ഉൾപ്പെടുത്തുമെന്ന് കെ കെ രാമചന്ദ്രൻ എംഎൽഎ പറഞ്ഞു. അഞ്ച് കോടി രൂപയുടെ പദ്ധതി നടപ്പാക്കാൻ വനംവകുപ്പ് അനുമതിയായിട്ടുണ്ട്.
പുതുക്കാട് വൈൽഡ് സർക്യൂട്ട് തൃശൂരിൽനിന്നാണ് യാത്ര പുറപ്പെടുക. ചിമ്മിനി ഡാമും വനപ്രദേശവും ഉള്‍പ്പെടുന്നതാണ് സര്‍ക്യൂട്ട്. ചൂരതള വെള്ളച്ചാട്ടവും കുട്ടവഞ്ചിയാത്രയും ആസ്വദിച്ച ശേഷം ബാംബു റിസര്‍ച്ച് സെന്ററും മരോട്ടിച്ചാല്‍ വെള്ളച്ചാട്ടവും പീച്ചി ഡാമും കണ്ട് തിരിച്ചുവരുന്ന വിധത്തിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. പുത്തൂർ സുവോളജിക്കൽ പാർക്ക് പൂർത്തിയായാൽ സർക്യൂട്ടിൽ ഉൾപ്പെടുത്തുമെന്ന് ഡിടിപിസി സെക്രട്ടറി സി വിജയ് രാജ് പറഞ്ഞു. ടൂറിസം, വനം, ഇറിഗേഷൻ തുടങ്ങി വകുപ്പുകൾ, എംഎൽഎമാർ, തദ്ദേശ സ്ഥാപനങ്ങൾ സഹകരിച്ചാണ് സർക്യൂട്ടുകൾ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈൽഡ് സർക്യൂട്ട് വെള്ളിയാഴ്‌ച രാവിലെ 9.30ന് ആമ്പല്ലൂരിൽ കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..