14 November Thursday

സ്വർണക്കൊള്ള ദൃശ്യങ്ങൾ ലഭിച്ചു തട്ടിയെടുത്ത കാർ ഉപേക്ഷിച്ച 
നിലയിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024
 
സ്വന്തം ലേഖകൻ
ഒല്ലൂർ
 കുതിരാനിലെ കല്ലിടുക്കിൽ രണ്ടരക്കിലോ സ്വർണാഭരണങ്ങൾ കവർന്നശേഷം കവർച്ചാസംഘം തട്ടിയെടുത്ത കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നടത്തറ പൂച്ചട്ടിയിൽ ഒഴിഞ്ഞ പറമ്പിലാണ് ഗ്രേ കളറിലുള്ള സ്വിഫ്റ്റ് കാർ കണ്ടെത്തിയത്. 
ബുധനാഴ്ചയാണ് കോയമ്പത്തൂരിലെ ആഭരണ നിർമാണ കേന്ദ്രത്തിൽനിന്നും  സ്വർണാഭരണങ്ങളുമായി വന്നിരുന്ന സ്വർണ വ്യാപാരി തൃശൂർ കിഴക്കേക്കോട്ട നടക്കിലാൻ അരുൺ സണ്ണി, സുഹൃത്ത്‌ റെജി തോമസ്‌ എന്നിവർ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ്‌ രണ്ടരക്കിലോ സ്വർണാഭരണം  കവർന്നത്. ശേഷം  അരുൺ സണ്ണിയുടെ കാർ അക്രമിസംഘം തട്ടിയെടുത്ത് കടന്നുകളഞ്ഞിരുന്നു.
കുതിരാൻ പാതയിൽ കല്ലിടുക്കിൽ കാർ തടയുന്നതിന്റെയും  സ്വർണം തട്ടിയെടുക്കുന്നതിന്റെയും  സിസി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സ്വകാര്യ ബസിന്റെ  കാമറയിലാണ് കവർച്ച ദൃശ്യങ്ങൾ പതിഞ്ഞത്. സിനിമാ സ്റ്റൈലിലായിരുന്നു കൊള്ള.  മൂന്ന് കാറുകളിലെത്തിയ പത്തംഗ സംഘമാണ്  പിന്നിൽ.  ബുധനാഴ്ച പകൽ പതിനൊന്നോടെയാണ്‌ സംഭവം.
സിനിമാസ്‌റ്റെൽ കൊള്ള 
ഇങ്ങനെ 
രണ്ട് ഇന്നോവയും മറ്റൊരു വാഹനവും അരുൺ സണ്ണിയുടെ കാറിനെ പിന്തുടർന്നു. അരുണിന്റെ കാറിന് മുന്നിൽ ഒരു ഇന്നോവ കുറുകെ നിർത്തി. രണ്ടാമത്തെ ഇന്നോവ  സൈഡിലും മൂന്നാമത്തെ വാഹനം കാറിന്റെ പുറകിലും നിർത്തി. വാഹനങ്ങളിൽ നിന്ന് ചാടിയിറങ്ങിയവർ അരുൺ സണ്ണിയുടെ കാറിലേക്ക് ഇരച്ചു കയറി. അരുണിനേയും റെജിയേയും കത്തിയും ചുറ്റികയും കാട്ടി ഭീഷണിപ്പെടുത്തി മറ്റു വാഹനങ്ങളിലേക്ക് ബലം പ്രയോഗിച്ച് കയറ്റുന്നത്‌  ദൃശ്യത്തിലുണ്ട്‌.
 അക്രമികൾ മുഖം മറച്ചിരുന്നതായും ആലപ്പുഴ പ്രദേശവാസികളുടെ ഭാഷയായിരുന്നു സംസാരിച്ചിരുന്നതെന്നും   അരുൺ മൊഴി നൽകിയിട്ടുണ്ട്.  
തട്ടിയെടുത്ത  കാർ നടത്തറ, കുട്ടനെല്ലൂർ മേഖലവിട്ട്  പോയിട്ടില്ലന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. തുടർന്നാണ് പുച്ചട്ടി പ്രദേശത്ത് ഒഴിഞ്ഞ പറമ്പിൽ കാർ കിടക്കുന്ന വിവരം നാട്ടുകാർ പൊലീസിൽ അറിയിച്ചത്. തുടർന്ന് ഒല്ലൂർ പൊലീസും പീച്ചി പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. കാർ പീച്ചി പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു അന്വേഷണം ആരംഭിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top