തൃശൂർ
സൂര്യകാന്തി ഫെസ്റ്റിവൽ വ്യാഴാഴ്‌ച മുതൽ ഡിസംബർ ഒന്നു വരെ കേരള സംഗീത നാടക അക്കാദമി റീജണൽ തിയറ്ററിൽ നടക്കും. ഈ വർഷത്തെ സൂര്യാകാന്തി പുരസ്‌കാരങ്ങൾ ഗുരു എ അനന്തപത്മനാഭനും കലാമണ്ഡലം സുഗന്ധി പ്രഭുവിനും നൽകുമെന്ന് സൂര്യകാന്തി നൃത്ത സംഗീത സഭാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 20,001 രൂപയും പ്രശസ്തി പത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് അവാർഡ്. വൈകിട്ട് ആറിന് പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി ഫെസ്റ്റിവൽ ഉദ്‌ഘാടനം ചെയ്യും.
30ന് വൈകിട്ട് 5.30ന് സാംസ്‌കാരിക സമ്മേളനം മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. സൂര്യകാന്തി നൃത്ത സംഗീത സഭയുടെ നാലാമത് ബാച്ചിന്റെ രംഗപ്രവേശനവും നടക്കും. ഫെസ്റ്റിവലിൽ ബംഗളൂരു പുണ്യ ഡാൻസ് കമ്പനിയുടെ ‘ആഭ' ഭരതനാട്യാവതരണം, പ്രിതംദാസ് ഗുപ്തയുടെ ഭരതനാട്യക്കച്ചേരി, മഞ്ജു വി നായരും ജഗദീശ്വർ സുകുമാറും അവതരിപ്പിക്കുന്ന പ്രമേയാധിഷ്ഠിത ഭരതനാട്യം ‘നേയം', മീര ശ്രീനാരായണന്റെ ഭരതനാട്യക്കച്ചേരി എന്നിവ അരങ്ങേറും.
വാർത്താസമ്മേളനത്തിൽ ബിജീഷ് കൃഷ്ണ, അക്ഷര ബിജീഷ്, കലാക്ഷേത്ര രാഖി സതീഷ്, ജി ദീപ, സുധീർ തിലക് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..