നാട്ടിക
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശിക്ക് വൻ തിരക്ക്, - ആവേശത്തോടെ ഉത്സവപ്രേമികൾ. രാവിലെ എട്ടിന് 22 ആനകളെ അണിനിരത്തി ശീവേലി എഴുന്നള്ളിപ്പ് നടന്നു. കൊച്ചിൻ ദേവസ്വത്തിന്റെ പഴയന്നൂർ ശ്രീരാമൻ തിടമ്പേറ്റി. തിരുവമ്പാടി ചന്ദ്രശേഖരൻ വലത്തും ചെത്തല്ലൂർ മുരളീകൃഷ്ണൻ ഇടത്തും അണിനിരന്നു. കിഴക്കൂട്ട് അനിയൻമാരാൻ പഞ്ചാരിമേളത്തിന് പ്രാമാണികനായി. 3 ന് നടന്ന കാഴ്ച ശിവേലിക്ക് 11 ആനകൾ അണിനിരന്നു. ചിറയ്‌ക്കൽ കാളിദാസൻ തിടമ്പേറ്റി. പഴുവിൽ രഘു മാരാർ ധ്രുവമേളം നയിച്ചു. പതിനായിരം പേർക്ക് പ്രസാദ ഊട്ട് ഉണ്ടായിരുന്നു. ഗോതമ്പ് ചോറ് , രസ കാളൻ, പുഴുക്ക്, അച്ചാർ, പായസം തുടങ്ങിയ വിഭവങ്ങളോടെയാണ് ഊട്ട് നടന്നത്.
രാവിലെ 9.30 മുതൽ തുടങ്ങിയ പ്രസാദ ഊട്ട് മൂന്നു വരെ നീണ്ടു. കിഴക്കേ നടയിൻ സ്പെഷ്യൽ നാഗസ്വരക്കച്ചേരി, മണലൂർ ഗോപിനാഥിന്റെ ഓട്ടൻതുള്ളൽ എന്നിവയും നടന്നു. രാമചന്ദ്രൻ നമ്പ്യാർ അവതരിപ്പിച്ച പാoകം, വൈകിട്ട് 6.15ന് ദീപാരാധന, പല്ലാവൂർ കൃഷ്ണൻകുട്ടി, മേട്ടുപ്പാളയം കെ എസ് രവികുമാർ എന്നിവർ നയിച്ച പഞ്ചവാദ്യം, സ്പെഷ്യൽ നാഗസ്വരം എന്നിവയും ഉണ്ടായിരുന്നു. തുടർന്ന് എറണാകുളം ഗംഗാദേവിയുടെ ഭരതനാട്യക്കച്ചേരിയും സ്പെഷ്യൽ നാഗസ്വരക്കച്ചേരി, നൃത്താഞ്ജലി എന്നിവയും അരങ്ങേറി. രാത്രി 11.30 ന് വിളക്കിനെഴുന്നള്ളിപ്പ് (സ്വർണക്കുടത്തിൽ കാണിക്കയിടൽ പ്രധാനം) നടന്നു. തൃപ്രയാർ അനിയൻ മാരാർ മേളം നയിച്ചു. ബുധനാഴ്ച പുലർച്ചെ രണ്ടിന് തൃപ്രയാർ രമേശൻ മാരാരുടെ നേതൃത്വത്തിൻ പഞ്ചവാദ്യവും നാലിന് ദ്വാദശി സമർപ്പണവും നടന്നു. എട്ടിന് ദ്വാദശി ഊട്ടോടെ ചടങ്ങുകൾ സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..