തൃശൂർ/തിരുവനന്തപുരം
കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ, കർഷക–- കർഷകത്തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ ജനലക്ഷങ്ങളുടെ ഉശിരൻ പ്രതിഷേധം. തൊഴിലാളി വിരുദ്ധ ലോബർ കോഡുകൾക്കെതിരെയും കർഷക ദ്രോഹ നിയമ ഭേദഗതികൾക്കുമെതിരെയും ട്രേഡ് യൂണിയൻ–-കർഷക–- കർഷകത്തൊഴിലാളികളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചത്. സംയുക്ത കിസാൻ മോർച്ചയും കേന്ദ്ര ട്രേഡ് യൂണിയനുകളും രാജ്യവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിലും തലസ്ഥാനത്ത് രാജ്ഭവനു മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചത്.
കർഷകസമരത്തിലെ ഒത്തുതീർപ്പ് വ്യവസ്ഥകൾ നടപ്പാക്കുക, ഉൽപ്പാദനച്ചെലവിനോട് അതിന്റെ പകുതിയുംകൂടി കൂട്ടിയ താങ്ങുവില ഉറപ്പാക്കി എല്ലാ കാർഷികോൽപ്പന്നങ്ങളും സംഭരിക്കുക, നാല് ലേബർ കോഡുകളും 2022ലെ ഇലക്ട്രിസിറ്റി ഭേദഗതി ബില്ലും റദ്ദാക്കുക, തൊഴിലുറപ്പ് പദ്ധതി വിപുലപ്പെടുത്തി ദിവസക്കൂലി 600 രൂപയാക്കി വർഷം 200 പ്രവൃത്തി ദിനമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു പ്രതിഷേധം. തലസ്ഥാനത്ത് മാനവീയം വീഥിയിൽനിന്ന് ആരംഭിച്ച മാർച്ചിൽ ആയിരങ്ങൾ അണിനിരന്നു. രാജ്ഭവന് മുന്നിലെ ധർണ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ അധ്യക്ഷനായി.
തൃശൂരിൽ ഏജീസ് ഓഫീസിലേക്ക് നടത്തി മാർച്ച് കർഷക സംഘം ജില്ലാ സെക്രട്ടറി എ എസ് കുട്ടി മാർച്ച് ഉദ്ഘാടനം ചെയ്തു.സിഎംഎസ് സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച മാർച്ചിലും ധർണയിലും നൂറുകണക്കിന് കർഷകരും തൊഴിലാളികളും അണിനിരന്നു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി- കർഷക ദ്രേഹനയങ്ങൾക്കെതിരായുള്ള താക്കീതായി മാർച്ച് മാറി.
ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് ജോൺസൺ ആവോക്കാരൻ അധ്യക്ഷനായി. കിസാൻ സഭാ ജില്ലാ സെക്രട്ടറി കെ വി വസന്തകുമാർ, സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, കർഷക സംഘം ജില്ലാ പ്രസിഡന്റ് പി ആർ വർഗീസ്, കിസാൻ സഭ ജില്ലാ പ്രസിഡന്റ് കെ കെ രാജേന്ദ്ര ബാബു, കെഎസ് കെടിയു ജില്ലാ പ്രസിഡന്റ് എം കെ പ്രഭാകരൻ, ബികെഎംയു ജില്ലാ ജോയിന്റ് സെക്രട്ടറി രാഗേഷ് കണിയാംപറമ്പിൽ, ആന്റണി കുറ്റൂക്കാരൻ (ഐഎൻടിയുസി), എം കെ തങ്കപ്പൻ (ടിയുസിഐ), സി ആർ ഉണ്ണിക്കൃഷ്ണൻ (എഐയുടിയുസി), എം എ വാസുദേവൻ (എച്ച്എംകെപി ), ഫ്രാൻസിസ് പിൻഹീറോ (അഗ്രിഗാമി ഇന്ത്യൻ കിസാൻ സഭ ), ഇ നന്ദകുമാർ (എഫ്എസ്ഇടിഒ) കെ കെ പ്രസന്നകുമാരി, കെ വി ഹരിദാസ്, ആർ വി ഇക്ബാൽ ( സിഐടിയു), ഗീത ഗോപി (കിസാൻ സഭ ) എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..