ചാവക്കാട്
പാലയൂർ സെന്റ് തോമസ് പള്ളിയിലെ കരോൾ ശുശ്രൂഷകൾ തടസ്സപ്പെടാനിടയായ പൊലിസ് നടപടി നിർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പാസ്റ്ററൽ കൗൺസിലും കത്തോലിക്ക കോൺഗ്രസും. അതിരൂപത തല പ്രതിനിധി സംഘം പാലയൂർ പള്ളി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു പാസ്റ്ററൽ കൗൺസിലിന്റേയും കത്തോലിക്ക കോൺഗ്രസിന്റേയും പ്രതിനിധികൾ.
മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ സന്ദർശനത്തോടനുബന്ധിച്ച് പാലയൂരിലുണ്ടായ പൊലിസ് നടപടികളിൽ ഉൽക്കണ്ഠയും വേദനയും രേഖപ്പെടുത്തി. ക്രിസ്‌മസ് ആഘോഷങ്ങളോട് അസഹിഷ്ണുത പുലർത്തുന്ന ചില സംഭവങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലുണ്ടായി. അതിനു സമാനമായ ഈ സംഭവത്തിൽ പൊലിസ് തന്നെ പ്രതിസ്ഥാനത്ത് വന്നത് പ്രതിഷേധാർഹമാണ്. പൊലിസ് ഉദ്യോഗസ്ഥനെതിരെ ശിക്ഷണനടപടി സ്വീകരിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.
കത്തോലിക്ക കോൺഗ്രസ് അതിരൂപത പ്രസിഡണ്ട് ഡോ. ജോബി തോമസ് കാക്കശ്ശേരി, അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, അഡ്വക്കേറ്റ് ഫോറം പ്രസിഡന്റ് അഡ്വ. അജി വർഗീസ്, പി ഐ ലാസർ, കത്തോലിക്ക കോൺഗ്രസ് അതിരൂപത സെക്രട്ടറി കെ സി ഡേവീസ്, ട്രഷറർ റോണി അഗസ്റ്റ്യൻ, ലീല വർഗീസ്, മേഴ്സി ജോയ്, ജോജു മഞ്ഞില, അലോഷ്യസ് കുറ്റിക്കാട്ട്, ജോഷി കൊമ്പൻ, തോമസ് ചിറമ്മൽ, എന്നിവർ പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..