27 December Friday

ഗണപതി വിട്ടോടാ... 
ആയിക്കോട്ടെ സാറെ...

സ്വന്തം ലേഖകൻUpdated: Friday Dec 27, 2024

അതിരപ്പിള്ളിയിൽ റോഡിൽ നിലയുറപ്പിച്ച ആനയെ സിവിൽ പോലീസ് ഓഫീസർ കെ എം മുഹമ്മദ് കാട്ടിലേക്ക്‌ കയറ്റുന്നു

 
തൃശൂർ
അതിരാവിലെ റോഡിനരികിൽ കാട്ടുകൊമ്പൻ നിലയുറപ്പിച്ചു. വണ്ടികൾക്ക്‌  പോകാനാവുന്നില്ല.  യാത്രികർ  തൊട്ടടുത്ത അതിരിപ്പിള്ളി പൊലീസ്‌ സ്‌റ്റേഷനിൽ കയറി വിവരം പറഞ്ഞു.  ഉടൻ  സിവിൽ പൊലീസ് ഓഫീസർ കെ എം  മുഹമ്മദ് ഇറങ്ങിവന്നു. ആനയുടെ അടുത്തെത്തി പറഞ്ഞു.  ഗണപതി പോടാ...  പോടാ..  പറമ്പിൽ നിലയുറപ്പിച്ചിരുന്ന കൊമ്പൻ റോഡിലേക്ക്‌ ഇറങ്ങി.  നേരെ പൊലീസുകാരന്റെ അടുത്തേക്ക്‌ നീങ്ങി.  യാത്രികർ ഭയന്നു.  സുരക്ഷാ അകലം പാലിച്ച്‌  ആ  യുവാവ്‌ പറഞ്ഞു. ഗണപതി പോടാ.. അൽപ്പനേരം നിന്നശേഷം, ആന പതിയെ റോഡ്‌ മുറിച്ച്‌ കടന്ന്‌  കാട്ടിലേക്ക്‌ നീങ്ങി.  അതെ കാട്ടുകൊമ്പനായാലും കേരള പൊലീസ്‌  രക്ഷകരായുണ്ട്‌.  ഏത് സാഹചര്യവും നേരിടാൻ എപ്പോഴും സജ്ജരാണ്.   
     കഴിഞ്ഞ ദിവസവുണ്ടായ ഈ സംഭവം യാത്രക്കാരിരലൊരാൾ  വീഡിയോയിൽ പകർത്തി. അതിപ്പോൾ   വൈറലാണ്‌. തൃശൂർ റൂറൽ പൊലീസ്‌ ഫേസ്‌ബുക്കിലും  വീഡിയോ പ്രസിദ്ധീകരിച്ചു. ‘അങ്ങോട്ട് നടയാനേ... യെവൻ പുലിയാണ് കേട്ടോ’...  എന്നിങ്ങനെ പൊലീസുകാരന്‌ അഭിനന്ദനപ്രവാഹമാണ്‌. അതിരപ്പിള്ളിയിൽ സ്ഥിരം സാന്നിധ്യമായ ഈ കാട്ടാനയെ ഏഴാറ്റുമുഖം ഗണപതിയെന്നാണ്‌  നാട്ടുകാർ വിളിക്കുന്നത്. സ്ഥിരമായി രാത്രി അതിരപ്പിള്ളി പൊലീസ്‌ സ്‌റ്റേഷൻ കോമ്പൗണ്ടിൽ  ആനയെത്തി   തെങ്ങിൽ നിന്ന്‌ പട്ടയും കരിക്കുമെല്ലാം തിന്നും. പൊലീസ്‌ എത്തിയാൽ ഉപദ്രവിക്കില്ല. പോകാൻ പറഞ്ഞാൽ പോവാറുണ്ട്‌. മറ്റു വണ്ടികളും യാത്രികരെയും  കണ്ടാൽ  റോഡ്‌ മുറിച്ചുകടക്കാതെ നിൽക്കും. ഈ സമയങ്ങളിൽ പൊലീസ്‌ എത്തി ജനങ്ങളെ സഹായിക്കുക പതിവാണ്‌. 
 വിളിക്കാം 112 
വരന്തരപ്പിള്ളി, വെള്ളിക്കുള്ളങ്ങര, അതിരപ്പിള്ളി, മലക്കപ്പാറ എന്നീ  സ്റ്റേഷൻ പരിധികളിൽ കാട്ടാനകൾ ജനവാസമേഖലകളിൽ ഇറങ്ങുന്നതിനാൽ, വിനോദസഞ്ചാരികളും, പ്രദേശവാസികളും അതിവ ജാഗ്രത പുലർത്തണമെന്ന്‌  റൂറൽ പൊലീസ്‌ അറിയിച്ചു. 
 കാട്ടാനകളേയോ മറ്റ് വന്യമൃഗങ്ങളേയോ കാണുമ്പോൾ  ഉടൻ   പൊലീസിനെയും വനംവകുപ്പിനെയും അറിയിക്കണം. അപകടസാഹചര്യങ്ങളിൽപ്പെട്ടാൽ 112 എന്ന അടിയന്തര നമ്പറിൽ വിളിച്ച് സഹായം അഭ്യർഥിക്കാം. റോഡുകളിൽ   വന്യമൃഗങ്ങളെ കാണുമ്പോൾ  പ്രകോപിപ്പിക്കരുത്‌. അത്തരം പ്രവർത്തികൾക്കെതിരെ പൊലീസും,  വനം വകുപ്പും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ്‌ അറിയിച്ചു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top