27 October Sunday

പുതിയ ഇനം നിശാശലഭത്തെ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024
ഇരിങ്ങാലക്കുട
 കേരളത്തിൽനിന്ന്‌ പുതിയ ഇനം നിശാശലഭത്തെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഗവേഷകർ കണ്ടെത്തി. ചിത്രശലഭങ്ങളും നിശാശലഭങ്ങളും ഉൾപ്പെടുന്ന ലേപിഡോപ്‌ടീര ഓർഡറിലെ എഡെബിറ കുടുംബത്തിൽ ഉൾപ്പെടുന്ന ഇവ  കേരളത്തിൽ മാത്രം കാണപ്പെടുന്നതിനാൽ ‘പാൻഗോര കേരളയൻസിസ്' എന്ന ശാസ്ത്രീയ നാമമാണ് നൽകിയിരിക്കുന്നത്. ദക്ഷിണേഷ്യയിൽ മാത്രം കണ്ടുവരുന്ന 
പാൻഗോര  നിശാശലഭ ജനുസ്സിൽ ഇതുവരെ നാല് ഇനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യക്ക് പുറമേ ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളിലും ഇവ കാണപ്പെടുന്നു. 1916 ന് ശേഷം ആദ്യമായാണ് ഈ ജനുസ്സിൽ പുതിയൊരു ഇനത്തെ കണ്ടെത്തുന്നത്. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, ജാനകിക്കാട്, കോട്ടയം ജില്ലയിലെ മേച്ചാൽ എന്നിവിടങ്ങളിൽ നിന്നുമാണ് ഇവയെ കണ്ടെത്തിയത്. അന്താരാഷ്ട്ര ശാസ്ത്ര മാസികയായ ജേർണൽ ഓഫ് ഏഷ്യ-പസഫിക് ബയോഡൈവേഴ്സിറ്റിയുടെ പുതിയ ലക്കത്തിലാണ്  കണ്ടെത്തൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗം അസി. പ്രൊഫസർ ഡോ. അഭിലാഷ് പീറ്ററിന്റെ നേതൃത്വത്തിലുള്ള എന്റമോ ടാക്സോണമി ലാബിലെ ഗവേഷക വിദ്യാർഥിയായ പി കെ ആദർശ് , പുണെ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞൻ ഡോ. കെ പി ദിനേശ്, ഗവേഷക എ ശബ്നം, ലണ്ടൻ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം  ശാസ്ത്രജ്ഞനായ ഡോ. ആൽബർട്ട് സില്ലി എന്നിവർ ഈ കണ്ടെത്തലിൽ പങ്കാളികളായി. യൂണിവേഴ്സിറ്റി ഗ്രാൻഡ് കമീഷൻ ഗവേഷണ ഫെലോഷിപ്പുകൾ ഉപയോഗിച്ചാണ് പഠനം നടത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top