കുന്നംകുളം
ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് മയക്കുമരുന്നെത്തിക്കുന്ന സംഘത്തിലെ പ്രധാനി പൊലീസ് പിടിയിലായി. പത്തനംതിട്ട കണ്ണങ്കര സ്വദേശി പാലമൂട്ടിൽ മേലേതിൽ വീട്ടിൽ ഷാഹുൽഹമീദിനെ(29)യാണ് കുന്നംകുളം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ആഗസ്ത് ഒമ്പതിന് ചൊവ്വന്നൂരിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ രണ്ട് കിലോ ഹാഷിഷ് ഓയിലും 150 ഗ്രാം എംഡിഎംഎയും പൊലീസ് പിടികൂടുകയും നിതീഷ്, മുഹമ്മദ് അൻസിൽ എന്നിവരെ സംഭവസ്ഥലത്തുവച്ചും രാഗിൽ എന്നയാളെ പിന്നീടും അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് ഷാഹുൽ ഹമീദിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന്, ബംഗളൂരുവിൽ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ബംഗളൂരു കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയ സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ ഷാഹുൽ ഹമീദ്. സംഘത്തിന് ഇയാളാണ് ഹാഷിഷ് ഓയിലും എംഡിഎംഎയും വിൽപ്പന നടത്തിയത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്നും പൊലീസ് പറഞ്ഞു. സബ് ഇൻസ്പെക്ടർ സുകുമാരൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജോഷി, സിപിഒമാരായ രവികുമാർ, രഞ്ജിത്ത് ഷിജിൻ പോൾ, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..